പൂർത്തിയാകാൻ വേണം ആറ് മാസം
കൊല്ലം: ഇരവിപുരം ആർ.ഒ.ബിയുടെ നിർമ്മാണം പൂർണമായും നിലച്ചിട്ട് മൂന്ന് മാസം പിന്നിടുന്നു.
ഗേറ്റ് പൂർണമായും അടയ്ക്കാനുള്ള എൻ.ഒ.സി ജില്ലാ ഭരണകൂടത്തിൽ നിന്ന് ലഭിക്കാത്തതിനാലാണ് റെയിൽവേയുടെ കരാറുകാരൻ നിർമ്മാണം നിറുത്തിവച്ചത്. റെയിൽവേയുടെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ എഴ് മാസമായി ആർ.ബി.ഡി.സി.കെയുടെ കരാറുകാരൻ റെയിൽവേ ലൈനിന് ഇരുവശങ്ങളിലെയും നിർമ്മാണവും നിറുത്തിവച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് തിരക്കുകളായിരുന്നതിനാലാണ് ഗേറ്റ് അടയ്ക്കാനുള്ള എൻ.ഒ.സി വൈകിയത്. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്നാഴ്ച മുൻപ് ജില്ലാ ഭരണകൂടം റെയിൽവേ ഡിവിഷണൽ ഓഫീസിന് എൻ.ഒ.സി കൈമാറിയിരുന്നു. ഈ എൻ.ഒ.സി ദക്ഷിണ റെയിൽവേ ആസ്ഥാനത്തെത്തി പരിശോധനകൾക്ക് ശേഷമേ ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുകയുള്ളു. ആർ.ഒ.ബിയുടെ റെയിൽവേ ലൈനിനോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ റെയിൽവേ പ്രത്യേക കരാർ നൽകിയും ഇരുവശങ്ങളിലെയും നിർമ്മാണം സംസ്ഥാന സർക്കാർ ഏജൻസിയായ ആർ.ബി.ഡി.സി.കെ പ്രത്യേക കരാർ നൽകിയുമാണ് നടത്തുന്നത്.
ജോലികൾ ഇനിയും ബാക്കി
റെയിൽവേ ലൈനിനോട് ചേർന്നുള്ള പൈലുകൾ, പൈൽ ക്യാപ്പുകൾ, പിയർ, പിയർ ക്യാപ്പുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയായി. മൂന്ന് സ്പാനുകളുടെ ഗർഡറുകളും സ്ലാബുകളും സ്ഥാപിക്കലാണ് ഇനി ബാക്കിയുള്ളത്. ഇവ പൂർത്തിയായാലേ റെയിൽവേ ലൈനിന് ഇരുവശവുമുള്ള ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാകു. പള്ളിമുക്ക് ഭാഗത്ത് വരുമ്പോൾ ഇടത് വശത്തെ റീട്ടെയിനിംഗ് വാൾ, അപ്രോച്ച് റോഡ്, റെയിൽവേ ലൈനിനോട് ചേർന്നുള്ള മൂന്ന് സ്പാനുകൾ എന്നിവയാണ് ഇരുവശങ്ങളിലും ബാക്കിയുള്ളത്. റെയിൽവേയുടെ നിർദ്ദേശ പ്രകാരമാണ് ഇരുവശത്തെയും നിർമ്മാണം നിറുത്തിവച്ചിരിക്കുന്നത്. റെയിൽവേയുടെ നിർമ്മാണം പൂർത്തിയാകാൻ രണ്ട് മാസം വേണ്ടിവരും. അതുകഴിഞ്ഞ് ഇരുവശങ്ങളിലെയും നിർമ്മാണം പൂർത്തിയാക്കാൻ മൂന്ന് മാസവും.
ഗേറ്റ് അടച്ചിട്ട് രണ്ടര വർഷം
ആർ.ഒ.ബി നിർമ്മാണത്തിനായി ഇരവിപുരം റെയിൽവേ ഗേറ്റ് അടച്ചിട്ട് രണ്ടര വർഷം പിന്നിട്ടു. ഗേറ്റ് അടച്ചതോടെ ഇതുവഴി സഞ്ചരിച്ചിരുന്നവർ ഇടറോഡുകളിലൂടെ ചുറ്റിക്കറങ്ങി നട്ടംതിരിയുകയാണ്. ഇടറോഡുകളിലൂടെ ചുറ്റിക്കറങ്ങി പലർക്കും ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാനും കഴിയുന്നില്ല.