കടയ്‌ക്കൽ : ശക്തമായ മഴയിൽ പുരയിടത്തിന്റെ സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് വീടിന്റെ അടിസ്ഥാനത്തിന് ബലക്ഷയമുണ്ടായി. കോട്ടപ്പുറം പച്ചയിൽ ചരുവിള പുത്തൻ വീട്ടിൽ പുഷ്‌പരാജന്റെ മൂന്നു സെന്റ് ഭൂമിയിൽ 10 അടി താഴ്‌ച്ചയിൽ നിന്ന് കോൺക്രീറ്റ് ചെയ്‌തു ഉയർത്തിയ സംരക്ഷണ ഭിത്തിയാണ് ശനിയാഴ്‌ച്ച രാത്രി 11 മണിയോടെ ഇടിഞ്ഞു താഴ്‌ന്നത്. വിസ്‌തൃതി കുറഞ്ഞ വീട്ടുപുരയിടമായതിനാലാണ് വീടിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്‌ന്നപ്പോൾ അടിസ്ഥാനം തെളിഞ്ഞത് .
കടയ്‌ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ്, ബ്‌ളോക്ക് പഞ്ചായത്തംഗം ഷജി എന്നിവരും മറ്റ് ജനപ്രതിനിധികളും വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ള റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. ഏകദേശം നാല് ലക്ഷത്തിന്റെ നഷ്‌ടം കണക്കാക്കിയിട്ടുണ്ട്. വീട് അപകടാവസ്ഥയിലാണ് .