ട്രയൽ അലോട്ട്മെന്റ് നാളെ

കൊല്ലം: ജില്ലയിൽ പ്ലസ്‌വൺ സീറ്റുകളുടെ എണ്ണം 20 ശതമാനം വർദ്ധി​പ്പി​ച്ച് 31,182 ആക്കി​യി​ട്ടും വി​ദ്യാർത്ഥി​കളുടെ ആശങ്ക അകലുന്നി​ല്ല. ആകെ 32,259 പേരാണ് അപേക്ഷകർ. സർക്കാർ, എയ്ഡഡ് മേഖലയിൽ ഫീസ് നൽകാതെ പഠിക്കാവുന്ന സീറ്റുകളുടെ എണ്ണം 27,360. സീറ്റുകളിൽ 3822 എണ്ണം അൺഎയ്ഡഡ്‌ സ്‌കൂളുകളിലാണ്. മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാത്തവർ മാനേജ്മെന്റ് സീറ്റുകളിലും അൺ എയ്ഡഡ് സ്ഥാപനങ്ങളിലും ഓപ്പൺ സ്‌കൂളിലും പ്രവേശനം തേടേണ്ട അവസ്ഥവരും. കഴിഞ്ഞ വർഷം ആകെ 26,622 സീറ്റുകളാണ് ഉണ്ടായിരുന്നത്.

ജില്ലയിൽ​ മുൻ വർഷത്തേക്കാൾ 648 വിദ്യാർത്ഥികൾകൂടി ഇത്തവണ പ്ലസ്‌ വണ്ണിന് അപേക്ഷിച്ചു. സീറ്റിൽ വർദ്ധന വരുത്തിയതോടെ ഒരു ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണത്തിലും വർദ്ധവുണ്ടാകും. ജി​ല്ലയി​ലെ 51 വി.എച്ച്.എസ്.ഇ സ്‌കൂളുകളിലായി 4830 സീറ്റുണ്ട്. ഇതി​ലേക്ക് 5,649 പേരാണ് ഇക്കുറി​ അപേക്ഷിച്ചത്. പ്ലസ്‌വണ്ണി​ന് അപേക്ഷവരി​ൽ പലരും വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് കോഴ്സുകൾക്കും അപേക്ഷിച്ചിട്ടുള്ളതിനാൽ സീറ്റ് കുറവ് കാര്യമായി ബാധിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്ളസ് വണ്ണി​നുള്ള അപേക്ഷകരിൽ കൂടുതലും പേർക്കും വേണ്ടത് സയൻസാണ്. പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് നാളെ നടക്കും. ജൂൺ​ 5, 12, 19 തീയതി​കളി​ലാണ് മൂന്ന് അലോട്ട്മെന്റുകൾ നടക്കുന്നത്. ജൂൺ 24ന് ക്ലാസുകൾ ആരംഭിക്കും.

പ്രവേശനക്കണക്കുകൾ

 ആകെ പ്ളസ് വൺ​ അപേക്ഷകർ: 32,259

 ആകെ സീറ്റുകൾ: 31,182

 സ്റ്റേറ്റ് സിലബസിൽ നിന്നുള്ള അപേക്ഷകർ: 30,095

 സി.ബി.എസ്.ഇ: 1382

 ഐ.സി.എസ്.ഇ: 382

 മറ്റ് സിലബസുകളിൽ പഠിച്ചവർ 400

 മറ്റ് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ: 3089

 സ്പോർട്‌സ് ക്വാട്ട: 589

 അൺ എയ്ഡഡ് സീറ്റുകൾ: 3822

 സർക്കാർ, എയ്ഡഡ് സീറ്റുകൾ: 22,800

 20 ശതമാനം വർദ്ധിപ്പിച്ചപ്പോൾ അധികമായി

ലഭിച്ച സർക്കാർ, എയ്ഡഡ് സീറ്റുകൾ: 4560

 വി.എച്ച്.എസ്.ഇ സീറ്റുകൾ:4830

 അപേക്ഷകർ: 5,649