കൊല്ലം: എംപ്ളോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി), എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) എന്നിവയെ സംബന്ധിച്ചുള്ള തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തുടക്കം കുറിച്ച കാഷ്യൂ കോർപ്പറേഷൻ സംയുക്ത അദാലത്ത് ചാത്തന്നൂർ ഫാക്ടറിയിൽ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ നിയമങ്ങൾ തൊഴിലാളിക്ക് കൂടുതൽ പ്രയോജനകരമാകത്തക്ക വിധത്തിൽ കാലോചിതമായി പരിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇ.എസ്.ഐ.സിയിൽ ഇൻഷ്വർ ചെയ്ത തൊഴിലാളികൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി ട്രീറ്റ്മെന്റ് ലഭിക്കണമെങ്കിൽ ഒരു കോൺട്രിബ്യൂഷൻ കാലയളവിൽ 78 ഹാജരും, കുടുംബത്തിന് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കുന്നതിന് രണ്ട് കോൺട്രിബ്യൂഷൻ കാലയളവിൽ 156 ദിവസവും ജോലിക്ക് ഹാജരാകണമെന്ന നിയമത്തിലെ വ്യവസ്ഥയിൽ മാറ്റം വരുത്തണം, തൊഴിലാളികളുടെ മക്കൾക്കായി നേഴ്സിംഗ് കോഴ്സുകൾ കൂടി ഇ.എസ്.ഐ.സി മെഡിക്കൽ കോളജുകളിൽ ആരംഭിക്കണം, ആശ്രാമം സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 300 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തണം, ഇ.എസ്.ഐ.സി ചിലവിൽ തന്നെ ചികിത്സ ഉറപ്പാക്കണം, ഇ.പി.എഫ്.ഒ വിഹിതം അടയ്ക്കാതെ തൊഴിലാളികളെ വച്ച് തൊഴിൽ ചെയ്യിക്കുന്ന തൊഴിൽ ഉടമകളുടെ പേരിൽ ശക്തമായ നടപടികൾ സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ അദാലത്തിൽ ഉയർന്നുവന്നു.
ഇ.പി.എഫ്.ഒ പെൻഷൻ പെയ്മെന്റ് ഓർഡർ വിതരണം ചെയർമാൻ നിർവഹിച്ചു. കാഷ്യൂ കോർപ്പറേഷൻ പേഴ്സണൽ മാനേജർ എസ്.അജിത് അദ്ധ്യക്ഷനായി. ഇ.എസ്.ഐ.സി ചാത്തന്നൂർ ബ്രാഞ്ച് മാനേജർ നിജിത സ്വാഗതം പറഞ്ഞു ഇ.പി.എഫ്.ഒ എൻഫോഴ്സ്മെന്റ് ഓഫീസർ ആൻഡ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഗോപകുമാർ, ഇ.പി.എഫ്.ഒ എൻഫോഴ്സ്മെന്റ് ഓഫീസർ ശുഭ, ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ പ്രതിനിധികൾ, കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ബി.സുചീന്ദ്രൻ, അഡ്വ.ശൂരനാട് എസ്.ശ്രീകുമാർ, സജി ഡി.ആനന്ദ് എന്നിവർ പങ്കെടുത്തു. വി.എസ്.ജയസ് വി.എസ് നന്ദി പറഞ്ഞു.