ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കാരാളിമുക്കിലെ വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വെള്ളിയാഴ്ച്ച മുതൽ കാരാളിമുക്കിൽ വൈദ്യുതി മുടങ്ങിയിരുന്നു. ട്രാൻസ്ഫോമർ തകരാറയതിനെ തുടർന്ന് വെള്ളിയാഴ്ച്ച രാത്രി മുതൽ വൈദ്യുതി തടസപ്പെട്ടു.പ്രതിഷേധം ശക്തമായതോടെ ഞായറാഴ്ച്ച വൈകിട്ടോടെ പട്ടകടവിലെ ട്രാൻസ്ഫോമറുമായി ബന്ധപ്പെടുത്തി താത്കാലികമായി പരിഹരിച്ചുവെങ്കിലും വോൾട്ടേജ് കുറവായതിനാൽ ജനങ്ങൾ വലഞ്ഞു. തിങ്കളാഴ്ച്ച ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഇടപെട്ട് അടിയന്തരമായി പുതിയ ട്രാൻസ്ഫോമർ വരുത്തി രാത്രിയോടെ വൈദ്യുതി പുന:സ്ഥാപിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണികൃഷ്ണൻ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുമായി കെ.എസ്.ഇ.ബി അധികൃതർ ചർച്ച നടത്തിയതിനെതുടർന്നാണ് പരിഹാരമുണ്ടായത്.