കിഫ്ബി ഫണ്ടിൽനിന്ന്
33.04 കോടി രൂപ
ചെലവഴിച്ചാണ് നിർമ്മാണം
പാലം 547 മീറ്റർ നീളം
10.15 മീറ്റർ വീതി
തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ മേല്പാലം ജൂൺ പതിനഞ്ചിനകം ഗതാഗതത്തിന് തുറന്നുകൊടുക്കുമോയെന്ന ചോദ്യമാണ് നാട്ടുകാർക്കുള്ളത്. അങ്ങനെ സംഭവിക്കണമെങ്കിൽ ശേഷിക്കുന്ന പണികൾ സമയബന്ധിതമായി പൂർത്തിയാക്കണം. മൂന്നു വർഷത്തിലേറെയായി നടന്നു വരുന്ന പണികളുടെ രീതി വച്ചു പരിശോധിച്ചാൽ സംശയം തോന്നും. പാലത്തിന്റെ ഒരു വശത്തെയും കിഴക്കും പടിഞ്ഞാറുമായി അപ്രോച്ച് റോഡിന്റെ ഇരുവശത്തേയും കൈവരികൾ ഇനിയും നിർമ്മിച്ചിട്ടില്ല. റെയിൽവേ ലൈനിന് മീതേയുള്ള 52 മീറ്റർ സ്ഥലം റെയിൽവേ നേരിട്ട് നിർമ്മാണം നടത്തുന്നതാണ്. ഇവിടെ ഫിനിഷിംഗ് കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട്. കൈവരികൾ നിർമ്മിക്കേണ്ട സ്ഥാനങ്ങളിൽ കുറച്ചു ഭാഗത്ത് കമ്പി കെട്ടി നിറുത്തിയിരിക്കുന്നു. ബാക്കി ഭാഗങ്ങളിൽ കമ്പി കെട്ട് ഉൾപ്പടെയുള്ള പണികൾ നടക്കണം.
സോളാർ ലൈറ്റുകൾ പ്രകാശം ചൊരിയും
തൊഴിലാളികളിൽ ഒരു ഭാഗം ബംഗാളികളാണ്. ഇലക്ഷൻ പ്രമാണിച്ച് വോട്ട് ചെയ്യുന്നതിനായി കുറേ പേർ നാട്ടിലേക്ക് പോയതും മഴയും പണിക്ക് തടസമാകുന്നു. എങ്കിലും പരാമാവധി വേഗതയിൽ കാര്യങ്ങൾ നീക്കാനുള്ള നടപടികളും നടക്കുന്നു.പാലത്തിൽ സോളാർ വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ പണികൾ ആരംഭിച്ചു കഴിഞ്ഞു. പാലത്തിലുടനീളവും സർവീസ് റോഡുകളിലും സോളാർ ലൈറ്റുകൾ പ്രകാശം ചൊരിയും. പാലത്തിന്റെ അടിയിൽ പഴയ റോഡ് സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് ടൈൽ പാകി മോടിപിടിപ്പിക്കും.സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ കേരളത്തിൽ നിർമ്മിക്കുന്ന 10 മേല്പാലങ്ങളിൽ ഒന്നാണിത്. 2021 ജനുവരി 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.