കൊല്ലം: വില്പനയ്ക്കായി കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി തേവലക്കര തെക്കതിൽ വീട്ടിൽ അഫ്സലിനെ(27)ആണ് കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ശാലീന വി.ജി നായരാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. 2019 സെപ്തംബർ 4നായിരുന്നു കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി ഒൻപത് മണിയോടെ പന്മന പുത്തൻചന്ത റോഡിൽ പട്രോളിംഗ് നടത്തുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ടപാടെ സ്ഥലത്ത് നിന്നിരുന്ന യുവാവ് പെട്ടെന്ന് ബൈക്കെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഈ യുവാവിനെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോൾ സ്കൂട്ടറിന്റെ പ്ലാറ്റ്ഫോമിൽ കവറിൽ സൂക്ഷിച്ചിരുന്ന 1.244 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പ്രതിയിൽ നിന്ന് കഞ്ചാവ് വിറ്റ ഇനത്തിലുള്ള പണവും കണ്ടെത്തി. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. ബിജുകുമാറാണ് അന്വേഷണ പൂർത്തിയാക്കി കുറ്റപത്രം സമ‌ർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.