കൊല്ലം: മഴ മുറുകി​യതോടെ ജില്ലയിൽ ഈ മാസം ഇതുവരെ 154 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ വർഷം രോഗം ബാധിച്ചവരുടെ ആകെ എണ്ണം യഥാക്രമം 637ഉം 66ഉം ആണ്.

വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. എലിപ്പനി ഭീഷണിയും വ്യാപകമാണ്. കൊതുകുജന്യരോഗങ്ങളായ ചിക്കുൻഗുനിയ, ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം, ഛർദ്ദി, ടൈഫോയ്ഡ് എന്നിവയും പടരാൻ സാദ്ധ്യതയുണ്ട്.

പനി ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം. സ്വയം ചികിത്സ ജീവഹാനിക്കുവരെ കാരണമാകുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. കാലവർഷം കൂടി അടുത്തെത്തിയതോടെ കൂടുതൽ ജാഗ്രത പാലിക്കണമെന്നുമാണ് നിർദ്ദേശം.

എലിപ്പനി

 മലിനജല സമ്പർക്കത്തിലൂടെ രോഗവ്യാപനം

 ജലത്തിലിറങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കണം

 മുറിവിലൂടെയും മറ്രും അണുക്കൾ പ്രവേശിക്കും

 ഡോക്‌സിസൈക്ലീൻ ഗുളിക നിർദ്ദേശാനുസരണം കഴിക്കണം

പ്രാരംഭ ലക്ഷണം

 പനി  പേശിവേദന  തലവേദന  വയറുവേദന  ഛർദ്ദി  കണ്ണ് ചുവപ്പ്

രോഗം മൂർച്ഛിച്ചാൽ

 കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും

ഡെങ്കിപ്പനി

 കൊതുകുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കണം

 എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈഡേ ആചരിക്കണം, കിണർ ക്ലോറിനേറ്റ് ചെയ്യണം

 പാത്രങ്ങൾ, ചിരട്ട, ടയർ, മുട്ടത്തോട്, പൂച്ചട്ടികൾ, ഫ്രിഡ്ജിന് പിന്നിലെ കെട്ടിക്കിടക്കുന്ന വെള്ളം എന്നിവ വൃത്തിയാക്കണം

 ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം

പ്രാരംഭ ലക്ഷണം

 കടുത്ത പനി  തലവേദന  പേശിവേദന  വിശപ്പില്ലായ്മ  മനംപുരട്ടൽ  ഛർദ്ദി  ക്ഷീണം  തൊണ്ടവേദന  ചെറിയ ചുമ  കണ്ണിന് പുന്നിൽ വേദന

രോഗം മൂർച്ഛിച്ചാൽ

തുടർച്ചയായി ഛർദ്ദി, വയറുവേദന, കറുത്ത മലം, ശ്വാസംമുട്ടൽ, ശരീരം ചുവന്നുതടിക്കുക, കഠിനമായ ക്ഷീണം,​ ശ്വാസതടസം,​ താഴ്ന്ന രക്തസമ്മർദ്ദം. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവും കുറയാം

ഈ വർഷം മേയ് 27 വരെയുള്ള കണക്ക്

(ഡെങ്കിപ്പനി, എലിപ്പനി )

ജനുവരി: 120, 17

ഫെബ്രുവരി: 205, 11

മാ‌ർച്ച്: 109, 11

ഏപ്രിൽ: 49, 11

മേയ് 27 വരെ: 154, 16