ഓടകളിലെ ഒഴുക്ക് തടസപ്പെട്ടു
ഇരുനൂറോളം വീടുകളിൽ വെള്ളംകയറി
സഞ്ചാരിമുക്ക്- കലാവേദി റോഡിൽ വെള്ളക്കെട്ട്
കൊല്ലം: തിങ്കളാഴ്ച അർദ്ധരാത്രി ആരംഭിച്ച് ഇന്നലെയും തുടർന്ന ശക്തമായ മഴയിൽ പട്ടത്താനം, വടക്കേവിള പ്രദേശങ്ങളിലെ ഇരുനൂറോളം വീടുകളിൽ വെള്ളം കയറി. മണിച്ചിതോട്ടിലെയും ഈ പ്രദേശങ്ങളിൽ നിന്ന് കൊല്ലം തോട്ടിലേക്കുള്ള ഓടകളിലെയും ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിനിടയാക്കിയത്.വടക്കേവിള സഞ്ചാരിമുക്ക് കലാവേദി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന് പുറമേ ഇരുവശങ്ങളിലുമുള്ള നൂറോളം വീടുകളിൽ വെള്ളം കയറി. സുബ്രഹ്മണ്യൻ കോവിൽ അക്കരത്തെക്കെമുക്ക് ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. തമ്പുരാൻമുക്ക്- മാടൻനട റോഡും വെള്ളത്തിൽ മുങ്ങി. അമ്മൻനടയിലെ വിവിധ ഭാഗങ്ങളിലും സമാനമായ അവസ്ഥയാണ്. വടക്കേവിള ഗ്രീൻഗാർഡൻസ് ഹൗസിംഗ് കോളനിയിലേക്കുള്ള റോഡിലും മുട്ടറ്റം പൊക്കത്തിൽ വെള്ളക്കെട്ടായിരുന്നു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം പ്രതിസന്ധിയിലായിരിക്കുകയാണ്.
അമ്മൻനട, സുബ്രഹ്മണ്യൻകോവിൽ പ്രദേശങ്ങളിലെ മഴവെള്ളം മണിച്ചിത്തോട് വഴി ഒഴുകി അഷ്ടമുടിക്കായലിലേക്ക് പോകുമായിരുന്നു. ഇപ്പോൾ ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ കൂറ്റൻ ടാങ്ക് സ്ഥിതി ചെയ്യുന്ന മണിച്ചിത്തോട് വാട്ടർ അതോറിട്ടി കോമ്പൗണ്ടിൽ നേരത്തെയുണ്ടായിരുന്ന ചിറ വലിയളവിൽ ജലം സംഭരിക്കുമായിരുന്നു. ടാങ്ക് നിർമ്മാണത്തിനായി ചിറയുടെ വലിയ ഭാഗം നികത്തിയതിന് പുറമേ മണിച്ചിത്തോടിന്റെ ഒഴുക്ക് തടസപ്പെടുത്തിയതും ഈ മേഖലയിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണമാണ്.
മഴക്കാലപൂർവ ശൂചീകരണം പരാജയം
മുൻ വർഷങ്ങളിൽ മഴ പെയ്യുമ്പോൾ സഞ്ചാരിമുക്ക്, കലാവേദി ഭാഗങ്ങളിലെ വെള്ളം ആദിത്യനഗറിലെ ഓടകളിലൂടെ ഒഴുകി മാടൻനടയിലെത്തി റോഡിന് അടിയിലൂടെയുള്ള പൈപ്പ് വഴി കൊല്ലം തോടിലേക്കാണ് ഒഴുകിയിരുന്നത്. സുബ്രഹ്മണ്യൻകോവിൽ, അക്കരത്തെക്കെമുക്ക് ഭാഗത്തെ വെളളം ഓടകൾ വഴി പോളയത്തോട് പഴയ കച്ചേരിമുക്ക് ഭാഗത്ത് റോഡിന് അടിയിലൂടെയുള്ള പൈപ്പ് വഴി കൊല്ലം തോട്ടിലേക്കും പോകുമായിരുന്നു. എന്നാൽ മഴക്കാലപൂർവ ശൂചീകരണം കാര്യമായി നടക്കാതെ ഈ ഓടകളിലെ ഒഴുക്ക് തടസപ്പെട്ടതാണ് പട്ടത്താനം, വടക്കേവിള മേഖലയിലെ വെള്ളക്കെട്ടിന്റെ കാരണം. മാടൻനട, പോളയത്തോട് ഭാഗങ്ങളിലെ റോഡിന് അടിയിലുള്ള പൈപ്പുകൾക്ക് കൂടുതൽ വെള്ളം വഹിക്കാനുള്ള ശേഷിയുമില്ല.