kallum

 മതിലുകൾ തകർന്നു, കിണറുകൾ മലിനമായി

കൊല്ലം: കല്ലുന്താഴത്ത് ദേശീയപാതയുടെ ഓരത്തെ ഓടയിൽ നിന്ന് വെള്ളം മലവെള്ളപ്പാച്ചിൽ പോലെ കുത്തിയൊലിച്ച് മതിലുകൾ തകർത്തു. പ്രദേശത്തെ നിരവധി കിണറുകളിലും മലിനജലം നിറഞ്ഞു. കിളികൊല്ലൂർ റോയൽ നഗർ പ്രതീക്ഷയിൽ വി.മോഹനൻ, റസിയ മൻസിലിൽ സലിം, ഗ്രീൻവാലിയിൽ സലിം തുടങ്ങിയവരുടെ മതിലുകൾ തകർന്ന് വീട്ടുമുറ്റത്താകെ വൻവെള്ളക്കെട്ട് രൂപപ്പെട്ടു.

ഈ പ്രദേശത്ത് പുരയിടങ്ങളെക്കാൾ ഉയരത്തിലാണ് ഓട സ്ഥിതി ചെയ്യുന്നത്. ഓടയുടെ വശങ്ങളിൽ പലയിടത്തും നാലിഞ്ച് വലിപ്പത്തിൽ ദ്വാരങ്ങളുണ്ട്. ഈ ദ്വാരങ്ങളിലൂടെ വിവിധ സ്ഥലങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലം മതിലുകൾ തകർത്ത് വീട്ടുമുറ്റങ്ങളിലേക്ക് കുത്തിയൊലിക്കുകയായിരുന്നു. കിണറുകളിലും മലിനജലം നിറഞ്ഞ് ഉപയോഗശൂന്യമായി. ഓടയിൽ ദ്വാരങ്ങൾ ഇല്ലായിരുന്നെങ്കിൽ മലിനജലം മങ്ങാട് കായലിലേക്ക് ഒഴുകുമായിരുന്നു. ഓടയുടെ മേൽമൂടിക്ക് ഇടയിലൂടെയും മലിനജലം ശക്തമായി ചോരുന്നുണ്ട്. വേനൽമഴ ആരംഭിച്ചപ്പോൾ തന്നെ പ്രദേശവാസികൾ ദേശീയപാത നിർമ്മാണത്തിന്റെ കരാർ കമ്പിനി ജീവനക്കാരെ വിളിച്ചുവരുത്തി സ്ഥിതി ബോദ്ധ്യപ്പെടുത്തിയിരുന്നു. ഉടൻ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് മടങ്ങിയെങ്കിലും അനക്കമുണ്ടായില്ല. ഈ ഭാഗങ്ങളിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അനാവശ്യമായി പ്രധാനപാതകൾ അടച്ച് ഗതാഗതം തടസപ്പെടുത്തുന്നതായും പരാതിയുണ്ട്.