ccc
മഴയിൽ തെങ്ങു വീണു തകർന്ന കൊട്ടാക്കര വെട്ടിക്കാടിൽ നാസറിന്റെ വീട്

കൊട്ടാരക്കര: ഇന്നലെ രാവിലെ തുടങ്ങിയ ശക്തമായ മഴയും കാറ്റും താലൂക്കിൽ വ്യാപക നാശം വിതച്ചു. പത്തോളം വീടുകൾ തകർന്നു. ചന്തമുക്കിൽ വെട്ടിക്കാട് വീട്ടിൽ, നാസർ, അലാവുദ്ദീൻ, ജലാലുദ്ദീൻ എന്നിവ‌ർ കുടുംബസമേതം താമസിക്കുന്ന വീടിനുമേൽ അയൽവാസിയുടെ പറമ്പിൽ നിന്ന തെങ്ങ് പിഴുതു വീണു. നാസറിന്റെ ഭാര്യ ഷാജിദ (44)യുടെ തലയിലേക്ക് മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നു വീണ് പരിക്കേറ്റു. തലക്കും മുഖത്തും സാരമായി പരിക്കേറ്റ ഷാജിദയെ താലൂക്കാശുപത്രിയിൽ പ്രവേശിച്ചു. ഷാജിദയോടൊപ്പം ഉണ്ടായിരുന്ന ഷീബ പെട്ടെന്ന് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റവന്യു അധികൃതരും ബന്ധപ്പെട്ടവരും സ്ഥലം സന്ദർശിച്ചു. ഉദ്ദേശം 50,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കി. കരീപ്ര കുടിക്കോട്, ബാലചന്ദ്രഭവനിൽ വസന്തയുടെ വീടിന്റെ അടുക്കള ഭാഗം തകർന്നു. ഉദ്ദേശം 15,000 രൂപയുടെ നാശം സംഭവിച്ചു. മേലില , മയിലാടും പാറ , പുതിയേടത്ത് വീട്ടിൽ ശാരദയുടെ വീടിന്റെ മേൽക്കൂര ഭാഗീകമായി തകർന്നു. 35000 രൂപയുടെ നാശം സംഭവിച്ചയാതി റവന്യു വകുപ്പ് അധികൃതർ അറിയിച്ചു. ചടയമംഗലം വെള്ളൂപ്പാറ ഭൂതത്താൻകുന്ന് സ്നേഹഭവനിൽ ശ്രീദേവിയുടെ വീടിന്റെ അടുക്കള ഭാഗം തകർന്നു. കോട്ടുക്കൽ നെടുമ്പുറം ചേലപ്പള്ളി ജയഭവനിൽ വിജയമ്മയുടെ വീട് തകർന്നു. 40,000 രൂപയുടെ നഷ്ടം സംഭവിച്ചു. മഞ്ഞപ്പാറ റസീനമൻസിൽ നൗഷാദിന്റെ വീടിന് സാരമായ കേടുപാടു സംഭവിച്ചു. 50,000 രൂപയുടെ നഷ്ടം ഉണ്ടായതായി വില്ലേജ് ഓഫീസർ അറിയിച്ചു. മഞ്ഞപ്പാറ ചേലപ്പള്ളി റോഡുവിള, പുത്തൻ വീട്ടിൽശാന്തയുടെ വീടും ഭാഗീകമായി തകർന്നു. 10, 000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ആറ്റുവാശ്ശേരി ആർ.വി.സദനത്തിൽ അനികുമാറിന്റെ വീടിന് മുകളിൽ രാവിലെ ഉണ്ടായ കാറ്റിലും മഴയിലും മുറ്റത്തെ പ്ളാവ് കടപുഴകി വീണ് കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ടായി. മേൽക്കൂരയിലെ ഓടുകൾ തകർന്നു വീണു. വെളിനല്ലൂർ രാമേലിയിൽ പുത്തൻവീട്ടിൽ ഗീതാകുമാരിയുടെ അടുക്കള ഭാഗത്തെ ചുവരിടിഞ്ഞു വീണു. ഉദ്ദേശം 20,000 രൂപയുടെ നഷ്ടം സംഭവിച്ചു. കുളക്കടയിൽ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പ്ളാങ്കുന്നത്ത് ഏലാഭാഗം, ആറ്റുവാശ്ശേരി കളത്തട്ട്, അമരുവയൽ, തെങ്ങാംപുഴ കടവ് ഭാഗം,വട്ടമൺ ഏലാ പ്രദശങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ആറ്റിൽ ജല നിരപ്പ് ഉയർന്ന് സമീപത്തെ കൃഷി ഇടങ്ങളിൽ പരന്നൊഴുകി.

വാളകം ജംഗ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പല വ്യാപാര സ്ഥാപനങ്ങളിലും മഴവെള്ളം കയറി. കൊട്ടാരക്കര ,പുലമൺ ജംഗ്ഷൻ, ഇന്ത്യൻ കോഫി

ഹൗസിന് സമീപം ഐപ്പള്ളൂ‌ർ, ലോവർ കരിക്കം, പുലമൺ ഐസക്ക് നഗറിന്

സമീപം , മൈലം, ഇഞ്ചക്കാട് പ്രദേശങ്ങളിൽ വെള്ളം കയറി. പുലമൺ തോട് കരകവിഞ്ഞ് പരിസരത്തെ കൃഷിയിടങ്ങളിൽ പരന്നൊഴുകി.