കൊല്ലം: ആർ.ബി.ഐ നിർദ്ദേശങ്ങൾ സഹകരണ മേഖലയുടെ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്നതിന് തടസമാകുന്നതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷൻ സംസ്ഥാന ശിൽപ്പശാല കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടൽ കാണാം. പ്രളയത്തിൽ വീട് തകർന്നവർക്ക് സഹകരണ സ്ഥാപനങ്ങൾ വീട് നിർമ്മിച്ചു നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് ആർ.ബി.ഐ നിർദേശങ്ങൾ തടസമാകാൻ പാടില്ല. സഹകരണ മേഖല കൂടുതൽ സുതാര്യമാക്കാൻ സർക്കാർ കൊണ്ടുവന്ന സമഗ്രമായ നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. ഇനി വേണ്ട ചട്ടങ്ങൾക്കായി ഡ്രാഫ്റ്റ് കമ്മിറ്റിക്ക് രൂപംനൽകിയിട്ടുണ്ട്. 31ന് സഹകരണ മേഖലയിലെ എല്ലാവരുമായും ചർച്ച നടത്തുന്നുണ്ട്. തുടർന്ന് കരട് പ്രസിദ്ധീകരിക്കും. അടുത്തമാസം വിഞ്ജാപനമിറങ്ങും. സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന സഹകരണ വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ ഭരണഘടനാപരമായി അവകാശമില്ല. അങ്ങനെയുള്ള ഏത് നീക്കത്തെയും ഒരുമിച്ചുനിന്ന് നേരിടാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ ചെയർമാൻ ടി.പി. ദാസൻ അദ്ധ്യക്ഷത വഹിച്ചു. അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കുകളുടെ ദേശീയ ഫോറമായ എൻ.യു.സി.എഫ്.ഡി.സി ചെയർമാൻ ജ്യോതീന്ദ്രമേത്ത, എം.പി. ജേക്കബ്, സി.ഇ.ഒ ഫോറം പ്രസിഡന്റ് സുനിൽ പ്രകാശ് എന്നിവർ സംസാരിച്ചു. മുൻ മന്ത്രിയും കൊല്ലം അർബൻ ബാങ്ക് ചെയർമാനുമായ സി.വി. പത്മരാജനെ മന്ത്രി വി.എൻ. വാസവൻ ആദരിച്ചു. കെ.യു.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ. ജയവർമ സ്വാഗതവും സെക്രട്ടറി പി. യതീന്ദ്രദാസ് നന്ദിയും പറഞ്ഞു. അർബൻ സഹകരണ മേഖലയുടെ സമകാലിക പുരോഗതി, നൂതന മാറ്റങ്ങൾ, സാദ്ധ്യതകൾ എന്നിവയിൽ ചർച്ചനടന്നു. ശിൽപ്പശാല ബുധനാഴ്ച സമാപിക്കും.