photo
റോഡിൽ പുഴുതു വീണ മരം ഫയർ ഫോഴ്സ് മുറിച്ച് മാറ്റുന്നു.

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തോരാ മഴയിൽ കരുനാഗപ്പള്ളിയിൽ വ്യാപകമായ നാശനഷ്ടം. താലൂക്കിൽ 12 വീടുകൾ ഭാഗീകമായി തകർന്നു. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ 5, ഓച്ചിറ -1, തൊടിയൂർ -1, ആദിനാട് - 2, തേവലക്കര ഒന്ന്, നീണ്ടകര ഒന്ന്, പന്മന ഒന്ന് എന്നീ അനുപാതത്തിലാണ് വീടുകൾ തകർന്നത്. മഴയിൽ വ്യാപകമായി മരങ്ങൾ കടപുഴികി വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. വീണ മരങ്ങൾ ഫയർ ഫോഴ്സ് എത്തിയാണ് മുറിച്ച് മാറ്റിയത്. താലൂക്കിന്റെ പലഭാഗങ്ങളിലും വൈദ്യുതി ബന്ധം വൈകിട്ട് 5 മണിയോടെയാണ് പുന :സ്ഥാപിച്ചത്. ശക്തമായ മഴയിൽ കന്നേറ്റി ധന്വന്തരി ആയൂർവ്വേദ വൈദ്യശാലയുടെ താഴത്തെ നിലയിൽ പൂർണമായും വെള്ളം കയറി. മെഷിനറികളും മരുന്നുകളും വെള്ളക്കെട്ടിലാണ്. നഗരസഭയിലെ ഒന്നും രണ്ടും മൂന്നും തഴത്തോടുകളും പാറ്റാേലി തോടും കര കവിഞ്ഞൊഴുകുകയാണ്. കരുനാഗപ്പള്ളി മാർക്കറ്റിന് സമീപമുള്ള മുണ്ടകപ്പാടം നിറഞ്ഞ് കവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി. സുനാമി കോളനികൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ അമ്പനാട്ട് മുക്കിന് സമീപം നിരവധി വീടുകളിൽ വെള്ളം കയറി. ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് വെള്ളം ഒഴുകി പോകാൻ മാർഗ്ഗമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമായി നാട്ടുകാർ പറയുന്നത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥരെത്തി നിരവധി സ്ഥലങ്ങളിൽ നിന്ന് വെള്ളം മുറിച്ച് വിട്ടു. മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വ്യാപകമായ കൃഷി നാശമാണ് സംഭവിച്ചത്. ചീനി, കാച്ചിൽ, ചേമ്പ് വാഴ, പച്ചക്കറികൾ തുടങ്ങിയവ എല്ലാം നശിച്ചു. തഴത്തോടുകളുടെ ഇരു വശങ്ങളിലുമുള്ള നിരവധി വീടുകളിലും മഴവെള്ളം കയറി. റവന്യു വിഭാഗം മാത്രമാണ് നാശനഷ്ടത്തിന്റെ കണക്കെടുത്ത് തുടങ്ങിയത്. മഴ ഇനിയും ശക്തമായി തുടർന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങേണ്ടി വരും.