ചവറ: ഇന്നലെ വെളുപ്പിന് 5 മണി മുതൽ തുടങ്ങിയ ശക്തമായ മഴയിൽ ചവറയിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിലായി. റോഡും തോടും ഓടകളും തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ എല്ലാ സ്ഥലങ്ങളിലും വെള്ളം കയറി. നീണ്ടകര പഞ്ചായത്തിലെ ആറാം വാർഡ് കണ്ണാട്ടുകൂടി കോളനിയിലെ 30 ഓളം വീടുകൾ വെള്ളത്തിലായി. പ്രദേശത്തെ അങ്കണവാടിയിലും വെള്ളം കയറി. എസ്.എൻ.ഡി.പി യോഗം നീണ്ടകര തെക്ക് 483-ാം നമ്പർ ശാഖാ മന്ദിരത്തിന് മുന്നിലൂടെയുള്ള ഓട കരകവിഞ്ഞൊഴുകി. ഗുരു മന്ദിരവും പരിസരപ്രദേശവും വെള്ളത്തിൽ മുങ്ങി. മേരി ലാൻഡ് റോഡിലും പരിസരത്തും വെള്ളം പൊങ്ങി. നീണ്ടകര ഫിഷിംഗ് ഹാർബറിലെ കടകളിലേക്ക് പോകാൻ പറ്റാത്ത തരത്തിൽ വെള്ളം പൊങ്ങി. നീണ്ടകര പള്ളിക്ക് സമീപം മുതൽ ഇടക്കുന്നത്ത് വരെ യുള്ള റോഡ് വെള്ളത്തിലായി. മുസലിയാർ റോഡ്, അഞ്ചാം വാർഡിലെ വെളുത്തുരുത്ത് ,ഗുരുകുലം കായൽവാരം, ഉപ്പൂട്ടിൽ ഭാഗം, വയലിൽ ഭാഗം,പുതുവൽ ഭാഗം വേട്ടുതറയിലെ അത്തിക്കൽ ഭാഗം, എ.എം.സി ജംഗ്ഷന് സമീപം ഒന്നാം വാർഡ് , തീരദേശവാർഡായ പതിമൂന്നാം വാർഡും കോളനി പ്രദേശങ്ങളും വെള്ളത്തിലായി. ചവറ, പട്ടത്താനം, അപ്പൂപ്പേഴുത്ത് വില്യമിന്റെ കിണർ ഇടിഞ്ഞു. ചവറ കൃഷ്ണ നട ഭാഗത്തും കിണർ ഇടിഞ്ഞ് താണു . ചവറ സർവീസ് സഹകരണ ബാങ്കിൽ വെള്ളംകയറി. ചെറുശ്ശേരി ഭാഗത്ത് അജയന്റെ മതിൽ ഇടിഞ്ഞുവീണു. കൊറ്റംകുളങ്ങരയിൽ തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു.
നീണ്ടകര പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു .
പി.ആർ.രജിത്ത്
പഞ്ചായത്ത് പ്രസിഡന്റ്
ദുരിതാശ്വാസ പ്രവർത്തനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് തുടങ്ങി.
അഡ്വ.സുരേഷ് കുമാർ
ചവറ പഞ്ചായത്ത്
തെക്കുംഭാഗം പഞ്ചായത്തിലെ ബംഗ്ലാവിൽ കിഴക്കേ കോളനിയിൽ 15 ഓളം വീടുകൾ വെള്ളത്തിലായി. അഞ്ചാം വാർഡിൽ കാവിന്റെ പടിഞ്ഞാറ്റതിൽ ലോട്ടറി വ്യാപാരിയായ ശ്രീകുമാരിയുടെ വീടിന്റെ ചിമ്മിനി ഇടിഞ്ഞുവീണു. പന്മന പഞ്ചായത്തിൽ ,പൊന്മന കാട്ടിൽ മേക്കതിൽ ,ദേവീക്ഷേത്രത്തിലേക്ക് കരുനാഗപ്പള്ളി വെള്ളനാതുരുത്തു വഴി വരുന്ന തീരദേശ മൈനിംഗ് റോഡ് തകർന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. ക്ഷേത്രത്തിന് തെക്കുഭാഗത്തായി കടൽഭിത്തി തകർന്നു. പന്മന ചിറ്റൂർ,കോലം,കളരി വാർഡുകൾ പൂർണമായും വെള്ളത്തിലായി. നടുവത്തു ചേരി , മണപ്പുഴ,വടുതല, പുത്തൻചന്ത ഭാഗങ്ങളിലെ ഓടകൾ മിക്കതും കരകവിഞ്ഞൊഴുകി മിക്ക വീടുകളും വെള്ളത്തിലായി. ദേശീയപാതയോരത്ത് കൊല്ലക രണ്ടാം വാർഡ് ഭാഗം കുറ്റിവട്ടം എന്നിവിടങ്ങളിൽ ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എയുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് ഓടകൾ വൃത്തിയാക്കി.