കൊട്ടിയം: മുഖത്തല കണിയാംതോട്ടിൽ ഒഴുക്കിൽപ്പെട്ടയാൾക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുന്നു. മുഖത്തല കുറുമണ്ണ വയലിൽ വീട്ടിൽ നൂഹ് എന്ന് വിളിക്കുന്ന സലിം (47) ആണ് ഒഴുക്കി​ൽപ്പെട്ടത്.

ഇന്നലെ പുലർച്ചെ കണിയാംതോടിന്റെ തീരത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. നാട്ടിലെ പൊതുകാര്യങ്ങളിലെല്ലാം സജീവമായ സലിം വെള്ളം കയറിയ വീടുകളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കാൻ മുന്നിലുണ്ടായിരുന്നു. മടങ്ങിയെത്തി വിശ്രമിച്ച ശേഷം വൈകിട്ട് നാലരയോടെ കണിയാംതോടിന്റെ കരയിൽ നിൽക്കുമ്പോഴാണ് സലിം ഒഴുക്കിൽപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സ്കൂബാ ടീം തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. അതിശക്തമായാണ് കണിയാംതോട് ഒഴുകുന്നത്.