പുനലൂർ: തെന്മല ഫോറസ്റ്റ് ഡിവിഷനിലെ ആര്യങ്കാവിൽ കാട്ടാനകൾ ഏറ്റുമുട്ടി പരിക്കേറ്റ പിടിയാന ചരിഞ്ഞ നിലയിൽ. ആര്യങ്കാവ് ബെഡ് ഫോർഡ് തേക്ക് പ്ലാന്റേഷനിലാണ് 15 വയസ് തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ട്. വിവരം ഫോറസ്റ്റ് വാച്ചർമാർ ആര്യങ്കാവ് റേഞ്ച് ഓഫീസർ സനോജിനെ അറിയിച്ചു. തുടർന്ന് ഡി.എഫ്.ഒ ഷാനാവാസ് സംഭവ സഥലത്തെത്തി പരിശോധിച്ചു. ഇന്നലെ ജഡം പോസ്റ്റ്മോർട്ടം നടത്തി. വയറ്റിലും കഴുത്തിലും ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഏറ്റുമുട്ടൽ നടന്നതിന്റെ ലക്ഷണങ്ങൾ സംഭവ സ്ഥലത്തു നടത്തിയ പരിശോധനയിൽ ലഭിച്ചെന്ന് റേഞ്ച് ഓഫീസർ സനോജ് പറഞ്ഞു. ഇന്നലെ വൈകിട്ട് ജെ.സി.ബി.ഉപയോഗിച്ച് കുഴിയെടുത്ത ശേഷം വനപാലകരുടെ സാന്നിദ്ധ്യത്തിൽ കാട്ടാനയുടെ ജഡം സംസ്കരിച്ചു.