e
കാട് കയറി നശിക്കുന്ന ചരിത്രപ്രസിദ്ധമായ മാക്രിയില്ലാ കുളത്തെ സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

ഓയൂർ: മരുതമൺപള്ളിയിലെ ചരിത്രപ്രസിദ്ധമായ മാക്രിയില്ലാക്കുളം കാടുമൂടിയും ആഫ്രിക്കൻ പായൽ നിറഞ്ഞും നശിക്കുന്നു. മൂന്ന് വർഷം മുൻപ് ചിറ നവീകരിച്ചെങ്കിലും ഇപ്പോൾ ചിറ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയാണ്. കൽപ്പടവുകളിൽ വലിയ കാട് മൂടിയതിനാൽ കുളത്തിൽ ആർക്കും ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പായൽ വാരി മാറ്റി ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ചു കുളം ഉപയോഗയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.മുൻപ് തുണി അലക്കുന്നതിനും കുളിക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനുമൊക്കെ പ്രദേശവാസികൾ ഈ ചിറയാണ് ആശ്രയിച്ചിരുന്നത്.

വെയിറ്റിംഗ് ഷെഡ് കടലാസിൽ

ചിറയുടെ ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ച് ആഫ്രിക്കൻ പായൽ നീക്കം ചെയ്ത് ചിറ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിറയുടെ സമീപത്തായി ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാനും പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിച്ചിരുന്നു. എന്നാൽ വെയിറ്റിംഗ് ഷെഡ് കടലാസിൽ മാത്രമായി.

ജനപ്രതിനിധികളും പൂയപ്പള്ളി പഞ്ചായത്ത് അധികൃതരും ചിറ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുളത്തിൽ ഇപ്പോഴും തവളയില്ല

സാമൂഹിക പരിഷ്കർത്താവ് പി.കൃഷ്ണപിള്ളയുടെ മാക്രിയില്ലാക്കുളം എന്ന നോവലാണ് കുളത്തെ സംബന്ധിച്ച ഐതിഹ്യത്തെക്കുറിച്ചും ചരിത്ര പ്രാധാന്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ആധികാരിക രേഖ. കുളത്തിൽ ഇപ്പോഴും തവളയില്ല എന്നത് ഐതിഹ്യവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം കുളത്തിനു സമീപത്തുള്ള അകവൂർ മന എന്ന മഠവുമായി ബന്ധപ്പെട്ടാണ്. മനയിലെ കാരണവർ ദിനവും നടത്താറുള്ള സൂര്യ നമസ്കാരത്തിന്റെ ഭാഗമായി കുളത്തിൽനിന്നുപ്രാർത്ഥിച്ച സമയത്ത് തവളകളുടെ ശബ്ദം എകാഗ്രതയ്ക്കു ഭംഗം വരുത്തി. ഇതിൽ കോപിഷ്ഠനായ അദ്ദേഹം കുളത്തിലെ തവളകൾ എല്ലാം നശിച്ചുപോകട്ടെയെന്നു ശപിച്ചു. അങ്ങനെ കുളത്തിൽ തവളകൾ ഇല്ലാതായെന്നാണ് ഒരു ഐതിഹ്യം.