കൊല്ലം: നീണചെറുശ്ശേരി ഭാഗം അജയ് ഭവനത്തിൽ ശാരദയമ്മയുടെ വീടിന്റെ മതിൽ മഴയിൽ തകർന്നു.

വെളിനല്ലൂർ വില്ലേജിൽ രാമേലിൽ പുത്തൻവീട്ടിൽ ഗീതാകുമാരിയുടെ വീടിന്റെ അടുക്കളഭാഗത്തെ ഭിത്തിയും മേൽക്കൂരയും തകർന്നു. കരീപ്ര വില്ലേജിൽ കുടിക്കോട് ബാലചന്ദ്ര ഭവനിൽ വസന്തയുടെ വീട് ഭാഗികമായി തകർന്നു. മേലില വില്ലേജിൽ മയിലാടുംപാറ വെട്ടിക്കവല പുതിയേടത്ത് വീട്ടിൽ ശാരദയുടെ വീടിന്റെ മേൽക്കൂര, ചടയമംഗലം വില്ലേജിൽ വെള്ളൂപ്പാറ വാർഡിൽ ഭൂതത്താൻകുന്ന് സ്നേഹ ഭവനിൽ ശ്രീദേവിയുടെ വീട്, ശാസ്താംകോട്ട ആഞ്ഞിലിമൂട് എൽ.എഫ് കോട്ടേജിലെ വീട് എന്നി​വയ്ക്കും നാശനഷ്ടങ്ങളുണ്ടായി​. പാരിപ്പള്ളി ബാബുജിയുടെ വീട്ടിലെ കിണറും ചവറ പട്ടത്താനത്ത് വില്യമിന്റെ വീട്ടിലെ കിണറും മൈനാഗപ്പള്ളി വേങ്ങ മൈലാടുംകുന്ന് അഹ്സന മൻസിൽ ബാദുഷയുടെ വീട്ട് മുറ്റത്തെ കിണറും മഴയിൽ ഇടിഞ്ഞു താഴ്ന്നു.

മരങ്ങൾ കടപുഴകി

ശാസ്താംകോട്ട-ചവറ പ്രധാനപാതയിലെ ആദിക്കാട്ട് മുക്കിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. കാറ്റിലും മഴയിലും തേക്കുമരമാണ് വീണത്. തിരക്കുള്ള പാതയായിരുന്നെങ്കിലും ഈ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ചവറ മേക്കാട് പോസ്റ്റ് ഓഫീസിന് സമീപം മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു. തട്ടാശ്ശേരി തോട്ടുമുഖം ഭാഗത്ത് നിന്ന പാഴ് മരം കാറ്റിൽ കടപുഴകി വീണു. ആലപ്പാട്, കരുനാഗപ്പള്ളി, കുലശേഖരം എന്നിവിടങ്ങളിലും മരങ്ങൾ വീണു.