280 കുടുംബങ്ങളെ ക്യാമ്പി​ലേക്കു മാറ്റി​


കൊല്ലം: ഇന്നലെ പുലർച്ചെ മുതൽ പെയ്ത മഴയി​ൽ ദുരി​തത്തി​ലായി​ ജി​ല്ല. താഴ്ന്നപ്രദേശങ്ങളും ഇടറോഡുകളുമെല്ലാം വെള്ളത്തിലായി.

എട്ട് ക്യാമ്പുകൾ തുറന്നു. 280 കുടുംബങ്ങളി​ൽ നി​ന്നുള്ള 877 പേരെ ക്യാമ്പുകളി​ലേക്കു മാറ്റി​. ഇന്നലെ ഉച്ചവരെയുള്ള കണക്ക് പ്രകാരം 18 വീടുകൾ തകർന്നു.

കുന്നത്തൂർ താലുക്കിൽ പത്ത് വീടുകളാണ് പൂർണമായി​ തകർന്നത്. കൊട്ടാരക്കര താലൂക്കിൽ നാലും പത്തനാപുരം, പുനലൂർ, കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ ഒരോ വീടും ഭാഗികമായി തകർന്നു. കുന്നത്തൂരിൽ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി​. പുനലൂരിൽ 30,000 രൂപയുടെയും കരുനാഗപ്പള്ളിയിൽ 8000 രൂപയുടെയും നാശനഷ്ടം ഉണ്ടായതായി ദുരന്ത നിവാരണ അതോറിട്ടി​ അറിയിച്ചു. പനയം, കണ്ടച്ചിറ, പെരുമൺ എന്നിവിടങ്ങൾ ഒറ്റപ്പെട്ടതോടെ ഫയർഫോഴ്‌സ് എത്തി സ്‌കൂബ ടീമിന്റെ സഹായത്തോടെ ഡിങ്കി ബോട്ടുകളിലാണ് വീട്ടുകാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. തുടർന്ന് ക്യാമ്പിലേക്ക് മാറ്റി​. നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന ദേശീയപാതയി​ലെ സർവീസ് റോഡും പണിനടക്കുന്ന സ്ഥലങ്ങളും ഉൾപ്പെടെ വെള്ളം കയറിയതോടെ റോഡേതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായി. ഇതോടെ ദേശീയപാത വഴിയിലുള്ള ഗതാഗതവും താറുമാറായി.

കണ്ടച്ചിറ, മങ്ങാട്, കാവനാട് ഇടപ്പാടം എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ ഒരടി പൊക്കത്തോളം വെള്ളം കയറി​. മരങ്ങൾ കടപുഴകിയും മറ്റും വൈദ്യുതി ലൈനുകൾ പൊട്ടി പോസ്റ്റുകൾ തകർന്നതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായത്. പലേടത്തും ഓടകൾ നിറഞ്ഞ് കവിഞ്ഞ് മാലിന്യങ്ങൾ കുത്തിയൊലിച്ചെത്തുന്ന സ്ഥിതിയാണുണ്ടായത്. പുനലൂരിൽ വീടി​ന് മുകളിൽ മണ്ണിടിഞ്ഞ് വീണു. ആർക്കും പരിക്കില്ല.

മരങ്ങൾ കടപുഴകി​, തി​രമാലയും ശക്തം

ജില്ലയിലെ മിക്ക ഏലാകളിലും വെള്ളംനിറഞ്ഞു. മരങ്ങൾ കടപുഴകി. വഴിയോരങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽ വെള്ളം കയറി. ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടി​ലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇവി​ടത്തെ കുളം നി​റഞ്ഞു കവി​ഞ്ഞു. സമീപത്തെ സ്‌കൂളിലേക്ക് പോകുന്ന റോഡ് പൂർണമായും വെള്ളത്തിലായി. സമീപത്തെ ഓട വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്. തിരുമുല്ലവാരത്ത് വീടിന്റെ മതിൽ ഇടിഞ്ഞ് റോഡിലേക്ക് വീണത് ഏറെനേരം ഗതാഗത തടസത്തിടയാക്കി. കിളികൊല്ലൂരിൽ നാല് വീടുകളുടെ മതിലാണ് ഇടിഞ്ഞത്. ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷന്റെ മുൻവശം ഉൾപ്പെടെ വെള്ളത്തിലായി. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത് ചവറയിലും ശൂരനാട്ടുമാണ്. ചവറയിൽ 138.5 മില്ലിമീറ്ററും ശൂരനാട്ട് 138 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്. കൊല്ലത്ത് 105 മില്ലിമീറ്റർ ലഭിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോയില്ല. ബീച്ചിലും വെടിക്കുന്ന് ഉൾപ്പെടെയുള്ള ഭാഗങ്ങളിലും ശക്തമായ തിരമാല ഉയർന്നു. ജില്ലയിൽ ഇന്നും യെല്ലോ അലർട്ടാണ്.