കൊല്ലം: ശക്തികുളങ്ങരയിൽ വെളളക്കെട്ടിൽ നിന്ന രക്ഷപ്പെടാൻ പി​ഞ്ചു കുഞ്ഞുങ്ങളുമായി​ വീടിന്റെ ടെറസിൽ കയറി കുടുങ്ങിയ കുടുംബത്തെ ഫയർഫോഴ്‌സ് രക്ഷിച്ചു. ശക്തികുളങ്ങര പീസ് ഭവനിൽ ജെറാവാസ് (73), ജനോബി, ജിജോജേക്കബ്, ജിസ്മ ജേക്കബ്, ഡോളി, കാതറിൻ, നാലുവയസുകാരി ജെയ്ൻ മരിയ, രണ്ട് വയസുകരി ജൂലിയാന, ഒരു വയസുള്ള ജോൺ എന്നിവരെയാണ് രക്ഷി​ച്ചത്.

ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ബൈപ്പാസിൽ നിന്ന് ശക്തികുളങ്ങര ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് ജെർവാസിന്റെ വീട്. ഈ ഭാഗത്ത് ഒരാൾ പൊക്കത്തിൽ വെള്ളം പൊങ്ങിയിരുന്നു. രാവിലെ ഉറക്കമെണീറ്റപ്പോൾ കുടുംബം കാണുന്നത് വീടിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുകന്നതാണ്. ഉടൻ തന്നെ കൈക്കുഞ്ഞിനെയും കുട്ടികളെയും വിളിച്ച ഷീറ്റിട്ട് മറച്ച ടെറസിലേക്ക് മാറുകയായിരുന്നു.

നാട്ടുകാർക്ക് വെള്ളക്കെട്ട് മൂലം ഉള്ളിലേക്ക് കടക്കാനായില്ല. വിവരം ചാമക്കട ഫയർഫോഴ്‌സിൽ അറിയിച്ചു. ഉടൻതന്നെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വീടിനുള്ളിൽ കടന്നപ്പോഴേക്കും കഴുത്തോളം വെള്ളം നിറഞ്ഞിരുന്നു.തുടർന്ന് സമീപത്തെ വീടിനെ ജർവാസിന്റെ വീടിന്റെ ടെറസുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ഏണി ഘടിപ്പിച്ചു. ശേഷം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഏണിയുടെ രണ്ടറ്റത്തും നിലയുറപ്പിച്ചു. തുടർന്ന് ഓരോരുത്തരെയായി ഏണിയിലൂടെഅടുത്ത വീടിന്റെ ടെറസിൽ സുരക്ഷിതമായി എത്തിച്ചു.

കൈകുഞ്ഞായ ജോണിനെയും മാതാവിനെയും പത്ത് മിനിറ്റോളം സമയമെടുത്ത് വളരെ കരുതലോടെയാണ് എതിർവശത്തെ വീടിന്റെ ടെറസിലെത്തിച്ചത്. ഒൻപത് പേരെയും സമീപത്തെ ബന്ധുവീട്ടിലെത്തിച്ചു. ചാമക്കട സ്‌റ്റേഷൻ ഓഫീസർ ഡി.ഉല്ലാസ്, ഫയർമാന്മാരായ ലെനിൻ, കൃഷ്ണനുണ്ണി, വിനീത്, വിഷ്ണു, ഡ്രൈവർ സൂര്യ എന്നിവരടങ്ങി​യ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.