ശാസ്താംകോട്ട : കനത്ത മഴയിൽ കുന്നത്തൂർ താലൂക്കിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. മരങ്ങൾ വീണ് നിരവധി വീടുകൾ നശിച്ചു. കൃഷി ഇടങ്ങളിൽ വെള്ളം കയറി. ചവറ - ഭരണിക്കാവ് പ്രധാന പാതയിലെ ആദിക്കാട് ജംക്ഷനിൽ രാവിലെ മരം കടപുഴകി വീണു ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ശാസ്താംകോട്ട ആഞ്ഞിലിമൂട് എൽ.എഫ് കോട്ടേജിൽ ശക്തമായ കാറ്റിൽ മരം മറിഞ്ഞ് വീടിന് മുകളിലേക്ക് വിഴുകയും സമീപത്ത് നിന്ന കിണർ തകരുകയും ചെയ്തു. മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപം തട്ടാന്റെ കിഴക്കതിൽ നിസാറിന്റെ വീടിന്റെ ഓടും ഷീറ്റും തകർന്നു . എട്ടോളം വാട്ടർ ടാങ്കുകളും തകർന്നു . 4 ലക്ഷം രൂപയിൽ അധികം നഷ്ടം ഉണ്ടായി. മൈനാഗപ്പള്ളി വേങ്ങ മൈലാടുംകുന്ന് അഹ്സന മൻസിൽ ബാദുഷയുടെ വീട്ട് മുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു.

ശൂരനാട് തെക്ക്, വടക്ക് മേഖലകളിൽ വ്യാപക നാശനഷ്ടം

കൂവളക്കുറ്റിത്തോട് കരകവിഞ്ഞ് ശൂരനാട് തെക്ക് പതിനഞ്ചാം വാർഡിലെ വല്യച്ഛൻ നട ക്ഷേത്രവും സമീപ പ്രദേശങ്ങളും വെള്ളത്തിലായി. തൃക്കുന്നപ്പുഴ വടക്ക് കൈരളിമുക്കിന് സമീപം അഞ്ചോളം വീടുകളിൽ വെള്ളം കയറി. കാരുത്തറ ഏലാത്തോട് കര കവിഞ്ഞാണ് വീടുകളിൽ വെള്ളം കയറിയത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന രണ്ടുപേരെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി. കൈരളി മുക്കിന് സമീപം കല്ലേലിൽ സരസിൽ വീട്ടിൽ അച്ചുതൻ (80), ഭരതൻ (75) എന്നിവരെയാണ് നാട്ടുകാരും ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയത്. ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറി, സംഗമം, കരിങ്ങാട്ടിൽ, തെക്കേമുറി ഈറ്റശ്ശേരി ചിറയ്ക്ക് സമീപത്ത് ഉൾപ്പടെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. കളീക്കത്തറ ജംഗ്ഷന് സമീപം മൂന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. പുലിക്കുളം മറ്റത്ത് തോട്ടവിള കിഴക്കതിൽ വാസുദേവൻ പിള്ള, ലേഖാ ഭവനത്തിൽ ലളിതമ്മ എന്നിവരുടെ വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നു പോയി. പടിഞ്ഞാറ്റ കിഴക്ക് റിനു ഭവനത്തിൽ സെൽവരാജിന്റെ വീട്ടുമുറ്റത്തെ കിണർ രാത്രി ഇടിഞ്ഞുതാഴ്ന്നു.