കൊല്ലം: ചാറുകാടിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ ഹൃദ്രോഗിയായ വയോധികനെയും ഭാര്യയെയും ഫയർഫോഴ്‌സ് രക്ഷിച്ചു. കുഴിയം ചാറുകാട് ബിജുഭവനിൽ ആനന്ദൻ (75), ഭാര്യ നളിനി (70) എന്നിവരെയാണ് ചാമക്കട ഫയർഫോഴ്‌സ് സംഘം രക്ഷിച്ചത്. ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം.

ചാറുകാട് കുഴിയത്തിന് സമീപത്തെ തോട്ടരി​കി​​ലാണ് ആനന്ദനും ഭാര്യയും താമസിച്ചിരുന്നത്. തുടർച്ചയായി പെയ്ത മഴയിൽ ഇവരുടെ വീട് നിന്ന പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടായി​. തോടിനടുത്തായതിനാൽ വെള്ളത്തിന് നല്ല ഒഴുക്കും ഉണ്ടായിരുന്നു. ഇത് മൂലം നാട്ടുകാർക്ക് വീടിനടുത്തേക്ക് എത്താൻ സാധിച്ചില്ല. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം വടം കെട്ടിയ ശേഷം സ്‌ട്രെച്ചറുമുൾപ്പെടെ വീട്ടിലെത്തി. കിടപ്പിലായിരുന്ന ആനന്ദനെ സ്‌ട്രെച്ചറിലും ഭാര്യ നളിനിയെ വടത്തിന്റെ സഹായത്തോടെയും മറുകരയിലെത്തിച്ചു. തുടർന്ന് ആംബുലൻസിൽ ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചു. ചാമക്കട സ്‌റ്റേഷൻ ഓഫീസർ ഡി.ഉല്ലാസ്, ഫയർമാന്മാരായ കൃഷ്ണനുണ്ണി, സേതുനാഥ്, വിഷ്ണൂ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.