xp
തഴവ ഗ്രാമ പഞ്ചായത്ത് തഴവത്തോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ട് 14-ാം വാർഡ് പാറപ്പുറം കോളനിയിലേക്ക് വെള്ളം കയറിയ നിലയിൽ

തഴവ: വേനൽമഴ ശക്തമായതോടെ തഴവ, കുലശേഖരപുരം പഞ്ചായത്തുകളിലെ ഭൂരിഭാഗം താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. കനാലുകൾ വലുതും ചെറുതുമായ തോടുകൾ, കുളങ്ങൾ എന്നിവ കരകവിഞ്ഞ് ജനവാസ മേഖലകളിലേക്കും റോഡുകളിലേക്കും കയറി നിറയുന്നതാണ് വർഷങ്ങളായി മഴക്കാലത്ത് ഗ്രാമവാസികൾ നേരിടുന്ന ഏറ്റവും വലിയ ദുരിതം.

പദ്ധതികൾ നടപ്പായില്ല

പഞ്ചായത്തുകളിലെ തഴത്തോടുകൾ ,പാറ്റോലിത്തോട് ,പന്നിത്തോട് എന്നിവയുടെ പുനരുജ്ജീവനത്തിന് പൊതുപദ്ധതികൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കാര്യക്ഷമമായ യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഏതെങ്കിലും ഒരു സ്ഥലത്ത് തോട് വൃത്തിയാക്കി മാലിന്യം നീക്കം ചെയ്താൽ മറ്റുള്ള സ്ഥലങ്ങൾ നികന്ന് കിടക്കുന്നതിനാൽ വൃത്തിയാക്കിയ സ്ഥലം പിന്നീട് മാസങ്ങളോളം വെള്ളക്കെട്ടായി തീരുന്ന ഗതികേടാണ് നിലവിലുള്ളത്.

വെള്ളക്കെട്ടിൽ കക്കൂസ് മാലിന്യങ്ങൾ

കുലശേഖരപുരം, തഴവ പഞ്ചായത്തുകളിൽ മാത്രമായി ലക്ഷക്കണക്കിന് രൂപയുടെ കരക്കൃഷികളാണ് നിലവിൽ വെള്ളക്കെട്ടിലായത്. നീരൊഴുക്ക് നഷ്ടപ്പെട്ട സാഹചര്യം നിലനിൽക്കുന്നതിനാൽ ചെറിയ കാറ്റത്ത് പോലും വളർച്ചയെത്തിയ വാഴകൾ നിലംപൊത്തുന്ന സ്ഥിതിയാണുള്ളത്. കോളനികൾ ഉൾപ്പടെയുള്ള ജനവാസ മേഖലകളിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കക്കൂസ് മാലിന്യങ്ങൾ പരന്നൊഴുകുന്നത് സാംക്രമിക രോഗങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും നിലവിലുണ്ട്.