മൃഗ ചികിത്സ സ്തംഭിച്ചു, ഫയലുകളും വെള്ളത്തിൽ
കൊല്ലം: കോരിച്ചൊരിയുന്ന മഴയിൽ കോർപ്പറേഷൻ പരിധിയിലെ അഞ്ചാലുംമൂട് മൃഗാശുപത്രിയിൽ വെള്ളം കയറി. ഫയലുകളും മരുന്നുകളുമെല്ലാം വെള്ളത്തിൽ മുങ്ങി. മുട്ടോളം വെള്ളത്തിൽ ജോലി ചെയ്യാൻ കഴിയാതായതോടെ ജീവനക്കാർ പുറത്തിറങ്ങി. മൃഗാശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ എ.ബി.സി സെന്ററും വെള്ളത്തിൽ മുങ്ങി. തെരുവ് നായ്ക്കളെ ജനന നിയന്ത്രണ ശസ്ത്രക്രിയ കഴിഞ്ഞ് പാർപ്പിക്കുന്ന ഇടമാണ് ഇവിടം. ദിവസവും പത്തോളം നായ്ക്കളുടെ ശസ്ത്രക്രിയകൾ ഇവിടെ നടക്കാറുണ്ട്. മൃഗാശുപത്രിയിൽ വെള്ളം കയറിയതോടെ ശസ്ത്രക്രിയകൾ മുടങ്ങി. പാർപ്പിച്ചിരുന്ന നായ്ക്കളെ കൂടുകൾ ഉയർത്തി തട്ടിൻപുറത്താക്കി. കർഷകരുടെ ഉരുക്കൾക്ക് മരുന്ന് നൽകാനോ അടിയന്തിര ചികിത്സ നൽകാനോ കഴിഞ്ഞില്ല. മൃഗങ്ങളെ കൊണ്ടുവന്നവർ വെള്ളക്കട്ട് കണ്ട് തിരിച്ചു പോയി. കോർപ്പറേഷൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. വെള്ളം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരും ജീവനക്കാരും.