കൊല്ലം: 'നീന്തൽ അറിയില്ലെങ്കിലും കല്ലടയാറ്റിലെ കുത്തൊഴുക്കിൽ കൊതുമ്പ് വള്ളം പോലെ മുങ്ങിത്താഴാതെ ഞാൻ ഒഴുകുകയായിരുന്നു. രക്ഷപ്പെടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ല...".
കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ കാൽവഴുതി വീണ് 12 കിലോമീറ്ററോളം ഒഴുകിനീങ്ങിയ കുളക്കട കിഴക്ക് മനോജ് ഭവനത്തിൽ ശ്യാമളഅമ്മയുടെ (63) വാക്കുകളിൽ ജീവൻ കരയ്ക്കടുത്തതിന്റെ അമ്പരപ്പ് മാറിയിട്ടില്ല.
ആറ്റിലേക്ക് ചാഞ്ഞുകിടന്ന കൈതയിലും തടിയിലും മറ്റും തട്ടിയ ചെറിയ പരിക്കുകളൊഴിച്ചാൽ ശ്യാമളഅമ്മയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോൾ ജില്ലാ ആശുപത്രി ഐ.സി.യുവിലാണ്. ചൊവ്വാഴ്ച രാവിലെ 7 ഓടെ വീടിന് സമീപത്തെ കടവിലായിരുന്നു അപകടം. തുണി അലക്കുന്നതിനിടെ ജലനിരപ്പ് ഉയർന്ന് ഒഴുക്കിൽ കാൽവഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.
മുങ്ങിത്താഴാതിരുന്നതോടെ പിടിക്കാൻ എന്തെങ്കിലും കിട്ടുമോയെന്ന് പരതിയെങ്കിലും ഒന്നും ലഭിച്ചില്ല. 'ഇടയ്ക്കിടെ വായിലേക്ക് ഓളമടിച്ച് കയറി. കുറേദൂരം ചെന്നപ്പോൾ ശരീരം തളർന്ന് തണുപ്പിൽ മരവിച്ചു. തലപൊക്കിപ്പിടിച്ചാണ് കിടന്നത്. ഒടുവിലൊരു വള്ളിപ്പടർപ്പ് തുണയായി. നിലവിളി കേട്ട് കരയിൽ നിന്നിരുന്നവർ വള്ളത്തിലെത്തിയാണ് രക്ഷിച്ചത് '.
ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങൾ പിന്നിട്ടാണ് ശ്യാമളഅമ്മ ഒഴുകിയത്. ചെറുപൊയ്ക മണമ്പേൽ കടവിന് സമീപം വള്ളിപ്പടർപ്പിൽ പിടികിട്ടിയപ്പോൾ നിലവിളിച്ചു. ഇത് കേട്ടെത്തിയവരാണ് പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. ധരിച്ചിരുന്ന നൈറ്റിയിൽ വായു തങ്ങിനിന്നതാകാം മുങ്ങിപ്പോകാതെ രക്ഷിച്ചതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വീട്ടുകാർക്കും നാട്ടുകാർക്കും സംഭവം വിശ്വസിക്കാനായിട്ടില്ല.
വള്ളിപ്പടർപ്പിൽ പിടികിട്ടിയില്ലായിരുന്നെങ്കിൽ... അതോർക്കുമ്പോൾ ഉള്ളിലൊരു പിടിച്ചിലാണ്. തൊട്ടടുത്ത് കയവും ഉണ്ടായിരുന്നു.
ഗോപിനാഥൻ നായർ,
ഭർത്താവ്