പടിഞ്ഞാറെകല്ലട: പഞ്ചായത്തിലെ വലിയപാടം 4, 5 വാർഡുകളിലെ കൃഷിനാശം പരിഹരിക്കുന്നതിന്റെ ഭാഗമായി കടപ്പാക്കുഴി ഗുരു മന്ദിരത്തിന് സമീപം സ്ഥാപിച്ച വെർട്ടിക്കൽ പമ്പ് ഹൗസിന്റെ പ്രവർത്തനം ഉടൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. 2019 ൽ ആരംഭിച്ച പദ്ധതി 2024 ഏപ്രിൽ മാസത്തിൽ പൂർത്തിയായി. ഏകദേശം 120 നെൽ കർഷകർക്കും നൂറോളം കരക്കൃഷിക്കാർക്കും മറ്റ് നിരവധി കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇവിചെ മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളം ചക്കുളം, ചേലക്കുഴി തോടു വഴി കടപ്പാക്കുഴിയിൽ സ്ഥാപിച്ച പമ്പ് ഹൗസിൽ എത്തിച്ചേരുകയും അവിടെ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കടപ്പാക്കുഴി തോടു വഴി വളഞ്ഞ വരമ്പ്, വെട്ടിയതോട് ,കലങ്കു വഴി കല്ലടയാറ്റിലേക്ക് ഒഴുക്കി വിട്ട് കൃഷിയെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

1.08 കോടി

രൂപ

ചെലവഴിച്ചാണ്

കേന്ദ്രസർക്കാരിന്റെ (ആർ.കെ.വി.വൈ )രാഷ്ട്രീയ കൃഷി വികാസ് യോജന 2017 -18 പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ( കെ. എൽ.ഡി.സി ) വഴി പമ്പ് ഹൗസും അനുബന്ധ ജോലികളും പൂർത്തീകരിച്ചത്.

കടപ്പാക്കുഴിയിൽ പുതുതായി സ്ഥാപിച്ച പമ്പ് ഹൗസ് പ്രവർത്തന സജ്ജമാകുന്നതോടെ വലിയപാടം 4 ,5 വാർഡുകളിലെ ജനങ്ങൾ അനുഭവിച്ചു വന്ന ദുരിതത്തിനും കൃഷിനാശത്തിനും ഒരു ശാശ്വത പരിഹാരം ആകും. കെ.സുന്ദരേശൻ

(റിട്ട.അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ )

പഞ്ചവടി പടിഞ്ഞാറേ കല്ലട

പദ്ധതി പൂർത്തീകരണത്തിലൂടെ വിള നാശം പൂർണമായും പരിഹരിക്കപ്പെടും. നെൽക്കൃഷിയും ഇടവിള കൃഷിയും ചെയ്യുവാൻ ഈ പദ്ധതി ഉപകരിക്കും. പദ്ധതി കമ്മീഷൻ ചെയ്യുന്നതിന്റെ പ്രാരംഭ പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞു. രണ്ടുദിവസത്തിനകം പ്രവർത്തന സജ്ജമാകും.

ബി. മെസ്മർ

അസി. പ്രോജക്ട് എൻജിനീയർ

കെ.എൽ.ഡി.സി കായംകുളം

കടപ്പാക്കുഴിയിൽ നിന്ന് ഐത്തോട്ടുവ പാടശേഖരം വഴി വെട്ടിയതോട്, വളഞ്ഞവരമ്പ് കലങ്കുകളിലേക്കുള്ള തോടുകൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി വെട്ടിയതോട്, വളഞ്ഞവരമ്പ് കലങ്കുകൾ വഴി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കി വിട്ടാൽ മാത്രമേ ഈ പദ്ധതി കൊണ്ടുള്ള പൂർണ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുകയുള്ളൂ.

അഡ്വ.ബി. തൃദീപ്കുമാർ

മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,

പടിഞ്ഞാറേ കല്ലട