ടോറസ് ലോറിയിൽ 400 ലോഡ് ചെളിയും നീക്കി
കൊല്ലം: അഷ്ടമുടിക്കായലിന്റെ പഴയ പ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ കോർപ്പറേഷൻ ആരംഭിച്ച ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി കാമ്പയിൻ ഒരു വർഷം പിന്നിടുമ്പോൾ കായലിൽ നിന്ന് നീക്കം ചെയ്തത് 100 ടൺ പ്ലാസ്റ്റിക്. ടോറസ് ലോറിയിൽ 400 ലോഡ് ചെളിയും നീക്കി. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള ലിങ്ക് റോഡ് പരിസരം മുതൽ തേവള്ളി വരെയുള്ള ഭാഗത്ത് നിന്നാണ് കൂടുതൽ പ്ലാസ്റ്റിക്കും ചെളിയും നീക്കിയത്. തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ ജൂണിൽ പദ്ധതി ആരംഭിക്കുമ്പോൾ ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി ലിങ്ക് റോഡിന്റെ ഓരത്ത് അഷ്ടമുടിക്കായൽ കര പോലെയായിരുന്നു. മാലിന്യവും ചെളിയും നീക്കിയതോടെ ഈ ഭാഗത്ത് ഇപ്പോൾ നാല് മുതൽ അഞ്ച് അടി വരെ ആഴമുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയും വലിയളവിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. ഫ്ലോട്ടിംഗ് ഹിറ്റാച്ചി ഉപയോഗിച്ചാണ് ഈ ഭാഗങ്ങളിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ആദ്യം നീക്കിയത്. പിന്നീട് ജലസേചന വകുപ്പിന്റെ സിൽറ്റ് പുഷർ യന്ത്രം വാടകയ്ക്കെടുത്ത് അടിത്തട്ടിൽ നിന്നുള്ള ചെളിയും മാലിന്യങ്ങളും കോരിയെടുത്തു.
അടിത്തട്ടിൽ നിന്നുള്ള പ്ലാസ്റ്റിക്കും ടയറുകളും നിറഞ്ഞ ചെളി ലിങ്ക് റോഡ് പരിസരത്തിട്ട് ഉണക്കി മാലിന്യം വേർതിരിച്ച ശേഷം ലോറിയിൽ മറ്റിടങ്ങളിലേക്ക് മാറ്റി. പദ്ധതിയുടെ ഭാഗമായി അഷ്ടമുടിക്കായലിന്റെ കരയിലുള്ള കൊല്ലം കോർപ്പറേഷൻ പരിധിയിലെയും വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലുമുള്ള 50 കടവുകളും നവീകരിച്ച് മനോഹരമാക്കി. പദ്ധതി 75 ശതമാനം പൂർത്തിയായി.
പ്ലാസ്റ്റിക് പണമാകും
അഷ്ടമുടിക്കായലിൽ നിന്ന് കോരി ലിങ്ക് റോഡിന്റെ വക്കിൽ സൂക്ഷിച്ചിരിക്കുന്ന 100 ടൺ പ്ലാസ്റ്റിക് വൈകാതെ ക്ലീൻ കേരള കമ്പിനിക്ക് കൈമാറും. ഒരു കിലോ പ്ലാസ്റ്റിക്കിന് ക്ലീൻ കേരള കമ്പിനി പത്ത് രൂപ കോർപ്പറേഷന് നൽകാനും ധാരണയായി.
വീണ്ടും മാലിന്യം
മണിച്ചിത്തോട്ടിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത് തടയാൻ ലിങ്ക് റോഡിന് സമീപം ഇരുമ്പ് നെറ്റ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം മണിച്ചിത്തോട് കരകവിഞ്ഞ് ശങ്കർ നഗറിലും പുള്ളിക്കടക്കോളനിയിലും വെള്ളം കയറിയതോടെ ഇരുമ്പ് വല നീക്കി. ഇതോടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വീണ്ടും കായലിൽ അടിഞ്ഞുകൂടിയിട്ടുണ്ട്.
പദ്ധതി ഇങ്ങനെ
ലിങ്ക് റോഡ് മുതൽ തേവള്ളി വരെ മാലിന്യങ്ങളും ചെളിയും നീക്കൽ- 2 കോടി
തേവള്ളി മുതൽ ശക്തികുളങ്ങര വരെ കായലിന്റെ പടിഞ്ഞാറേ ഭാഗത്തെ മാലിന്യവും ചെളിയും നീക്കൽ- 2.15 കോടി
കൊല്ലം കോർപ്പറേഷൻ പരിധിയിലെയും 11 പഞ്ചായത്തുകളിലെയും അതിർത്തികളിലുള്ള അഷ്ടമുടിക്കായലിലെ കടവുകളുടെ നവീകരണം- 3.25 കോടി