കരുനാഗപ്പള്ളി: തോരാമഴയിൽ കരുനാഗപ്പള്ളിയിലെ ജനങ്ങൾ വലയുകയാണ്. തഴത്തോടുകളും കായലുകളും കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയതാണ് ജനജീവിതം ദുസഹമാക്കിയത്. കരുനാഗപ്പള്ളി താലൂക്കിലെ താഴ്ന്ന ഭാഗങ്ങൾ പൂർണമായും വെള്ളത്തിലാണ്. 4 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഓച്ചിറ വലിയകുളങ്ങര എൽ.പി സ്കൂൾ, ക്ലാപ്പന വരവിള എൽ.പി സ്കൂൾ, കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തഴവാ അഭയകേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. മഴക്കെടുത്തി അനുഭവിക്കുന്ന 25 ഓളം കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചതായി റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. മഴ തുടർന്നാൽ കരുനാഗപ്പള്ളിയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും.
തഴത്തോടുകൾ കര കവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിച് തുടങ്ങി. ദേശീയപാതയിൽ ഓടകളുടെ നിർമ്മാണം പാതിവഴിക്ക് നിറുത്തി വെച്ചതാണ് നഗരത്തിലെ വെള്ളക്കെടുതിക്ക് കാരണം. നഗരത്തിലെ ഗ്രാമീണ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. റവന്യൂ ഉദ്യോഗസ്ഥരും മുൻസിപ്പൽ ഉദ്യോഗസ്ഥരും സംയുക്തമായി ചേർന്ന് നിരവധി സ്ഥലങ്ങളിൽ കെട്ടി നിന്ന മഴവെള്ളം മുറിച്ച് വിട്ടു. ആലപ്പാട് ഗ്രാമപഞ്ചായത്തിലും കടലാക്രമണം രൂക്ഷമാണ്. മത്സ്യബന്ധന യാനങ്ങൾ ഇന്നലെയും കടലിൽ പോയില്ല. മത്സ്യബന്ധനം നിലച്ചതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലയി.കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നിലവിൽ വന്നു. 0476- 2620223 എന്ന ഫോൺ നമ്പരിൽ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം.