കൊല്ലം : കൊട്ടാരക്കര ആർ.ടി.ഒ പരിധിയിലുള്ള സ്കൂൾ ബസുകളുടെ പ്രത്യേക പരിശോധന നടന്നു. ഇതിന്റെ മുന്നോടിയായി സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും പരിശീലനം നൽകിയിരുന്നു. സ്കൂൾ വാഹനങ്ങളിൽ നിർബന്ധമായ 50 കി.മീ വേഗത ക്രമീകരിച്ച സ്പീഡ് ഗവർണർ, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം, ഫയർ എക്സ്റ്റിൻഗ്വിഷർ, എമർജൻസി എക്സിറ്റ്, ഫസ്റ്റ് എയ്ഡ്, ഡോർ, മറ്റ് ഉപകരണങ്ങൾ, വാഹനത്തിൽ പ്രദർശിപ്പിക്കേണ്ട സ്കൂൾ ബസ് ഇൻസൈയ്ന, എമർജൻസി നമ്പർ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു. ഡ്രൈവറുടെ യോഗ്യതകൾ, യൂണിഫോം, ആയയുടെ കടമകൾ മുതലായ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും നൽകി.ഫയർ എക്സ്റ്റിൻഗ്വിഷർ പ്രവർത്തിക്കുന്നതിന്റെ പ്രായോഗിക പരിശീലനം നൽകിയിരുന്നു. സ്കൂൾ ബസിന്റെ നീക്കം കാണുന്നതിനും കുട്ടികൾ എപ്പോൾ എത്തിച്ചേരും എന്ന് അറിയുന്നതിനുമുള്ള മോട്ടോർ വാഹന വകുപ്പിന്റെ മൊബൈൽ ആപ് ആയ വിദ്യാ വാഹൻ ബസുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു. വാഹനത്തിന്റെ ഫിറ്റ്നെസ്സ് ,പെർമിറ്റ്‌, ടാക്സ്, ഇൻഷ്വറൻസ്, പുക പരിശോധന രേഖയും ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസും പരിശോധിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാംജി കെ.കരൻ , സിയാദ്, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മനോജ്, രാംജിത്ത്, ബിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കിഴക്കേത്തെരുവിൽ നടന്ന പ്രത്യേക പരിശോധനയിൽ ഇരുനൂറോളം വാഹനങ്ങൾ പങ്കെടുത്തു. പരിശോധയിൽ പങ്കെടുക്കാത്ത വാഹനങ്ങളും, കുട്ടികളെ കൊണ്ട് പോകുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങളും ഉൾപ്പടെ എല്ലാ വാഹനങ്ങളും നിരീക്ഷിക്കുമെന്നും ക്രമക്കേട് കണ്ടാൽ ശക്തമായ നടപടിയെടുക്കുമെന്നും ജോയിന്റ് ആർ.ടി.ഒ ദിലീപ് പറഞ്ഞു.