കൊല്ലം: തുടർച്ചയായി പെയ്ത മഴയിൽ ജില്ലയിൽ കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 556 കുടുംബങ്ങളിൽ നിന്ന് 1619 പേരാണ് ക്യാമ്പിൽ കഴിയുന്നത്. വടക്കേവിള, കൊറ്റങ്കര, തൃക്കോവിൽവട്ടം, മങ്ങാട്, കിളികൊല്ലൂർ, പനയം, തൃക്കരുവ, ഓച്ചിറ, തഴവ, ക്ലാപ്പന, കുലശേഖരപുരം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് ക്യാമ്പുകൾ തുറന്നത്.

കൊല്ലത്ത് ഒൻപതും കരുനാഗപ്പള്ളിയിൽ നാലും ക്യാമ്പുകൾ വീതമാണ് ആരംഭിച്ചത്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മഴയിൽ 41 വീടുകൾ തകർന്നു. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിൽ രണ്ട് വീടുകൾ പൂർണമായും എട്ട് വീടുകൾ ഭാഗികമായും തകർന്നു. കൊല്ലം, കൊട്ടാരക്കര, പുനലൂർ താലൂക്കുകളിൽ 11 വീടുകൾ വീതം ഭാഗികമായി തകർന്നു. തൃക്കോവിൽവട്ടത്ത് രണ്ട് വീടുകൾ തകരുകയും ഒരു വീട്ടിലെ കിണർ ഇടിഞ്ഞുതാഴുകയും ചെയ്തു. മുഖത്തല പാങ്കോണം ചരിവിള പുത്തൻവീട്ടിൽ അബ്ദുൽ സമദിന്റെ വീടാണ് അടുത്ത വീട്ടിലെ മരം വീണ് തകർന്നത്. ചെന്താപ്പോര് വാലുണ്ടിൽ വീട്ടിൽ രചനയുടെ കിണറാണ് മഴയിൽ ഇടിഞ്ഞുതാഴ്ന്നത്. നടുവിലക്കരയിലും ഒരു വീട് മഴയിൽ തകർന്നു.

ഇന്നലെ ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചു. ഇടവിട്ട് പെയ്ത മഴയിൽ ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് മുന്നിലും ആശ്രാമം മൈതാനത്തിന് മുന്നിലെ ബസ് സ്റ്റോപ്പിലും വെള്ളം നിറഞ്ഞു. ആലപ്പാട്, മുണ്ടയ്ക്കൽ എന്നിവിടങ്ങളിൽ കടൽക്ഷോഭം അനുഭവപ്പെട്ടു. പുനലൂരാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 59.6 മില്ലി മീറ്റർ. കൊല്ലത്ത് 40 മില്ലിമീറ്ററും ആര്യങ്കാവിൽ 2.5 മില്ലി മീറ്ററും മഴ ലഭിച്ചു.

ദുരിതാശ്വാസ ക്യാമ്പുകൾ - കുടുംബങ്ങൾ, പുരുഷൻ, സ്ത്രീ, കുട്ടികൾ, ആകെ

  1. വിമല ഹൃദയ ജി.എച്ച്.എസ്.എസ്, വടക്കേവിള - 22 , 25, 37, 20 ,82
  2. എസ്.എൻ.ഡി.പി യു.പി.എസ് ,വടക്കേവിള - 3, 4, 8, 1, 13
  3. ഗോപിക സദനം സ്കൂൾ ,പേരൂർ - 53, 47, 63, 36, 146
  4. മീനാക്ഷി വിലാസം സ്കൂൾ - 97, 110, 143, 51, 304
  5. മുഖത്തല എൻ.എസ്.എസ് യു.പി.എസ് ആൻഡ് എൽ.പി.എസ് -53 , 44 ,64 , 37, 145
  6. എം.എസ്.എം എച്ച്. എസ്.എസ്, ചാത്തിനാംകുളം - 214, 214, 241,137, 592
  7. കോയിക്കൽ എച്ച്.എസ് - 38, 34 , 50, 27, 111
  8. പനയിൽ ഗവ.എച്ച്.എസ് - 30, 36, 41, 23, 100
  9. ഗവ. എൽ.പി.എസ് ഇഞ്ചവിള - 19, 24, 28, 21, 73
  10. വലിയകുളങ്ങര എൽ.പി.എസ് - 8, 6, 14, 2, 22
  11. സൈക്ലോൺ ഷെൽട്ടർ, തഴവ - 2, 1, 4, 0, 5
  12. ഗവ.എച്ച്.എസ്.എസ്, കുലശേഖരപുരം - 4, 2, 5, 0, 7
  13. ഗവ. എൽ.പി.എസ് ,വരവിള - 13, 5, 13, 1, 19

വ്യാപക കൃഷിനാശം

തോരാമഴയിൽ കിഴക്കൻ മേഖലയിലടക്കം വ്യാപകമായ കൃഷിനാശമുണ്ടായി. ഇരുപത്തിന്നാല് മണിക്കൂറിനുള്ളിൽ 219 കർഷകരുടെ കൃഷി നശിച്ചു. ഏകദേശം 21. 43 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പത്തുദിവസത്തിനുള്ളിൽ 1070 കർഷകരുടെ കൃഷിയാണ് നശിച്ചത്. 182.73 ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയിൽ ആകെ ഉണ്ടായത്. വാഴയും പച്ചക്കറി കൃഷികളും നശിച്ചു. എഴുകോൺ, കരീപ്ര, കുളക്കട, വെളിയം എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷിനാശം.

സഹായത്തിന് വിളിക്കാം

വൈദ്യുതി ലൈൻ അപകടം: 1056

ദുരന്ത നിവാരണ അതോറിട്ടി​: 1077

കെ.എസ്.ഇ.ബി കൺട്രോൾ റൂം: 1912

സംസ്ഥാന കൺട്രോൾ റൂം: 1070