kunnathoor-
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് വെള്ളക്കെട്ടിലും ഒഴുക്കിലും ഒറ്റപ്പെട്ടു പോയ അച്ചുതനെ രക്ഷപ്പെടുത്തുന്നു

കുന്നത്തൂർ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും ഒഴുക്കിലും ഒറ്റപ്പെട്ടു പോയ വൃദ്ധ സഹോദരന്മാരെ നാട്ടുകാരും റവന്യൂ അധികൃതരും ചേർന്ന് രക്ഷപ്പെടുത്തി . ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് കല്ലേലിൽ സരസിൽ കല്ലട ഇറിഗേഷൻ പദ്ധതി മുൻ ജീവനക്കാരൻ അച്ചുതൻ(80), അനുജൻ റിട്ട.സ്കൂൾ അദ്ധ്യാപകൻ ഭരതൻ (75) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കുടുംബ ക്ഷേത്രത്തിന് സമീപത്തെ ചെറിയ ഷെഡിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.ചൊവ്വാഴ്ച പുലർച്ചെ മുതൽ തുടങ്ങിയ പെരുമഴയിൽ വീടും ക്ഷേത്രവും മുങ്ങി. ഇതോടെ പുറത്തിറങ്ങാൻ കഴിയാതെ ഇരുവരും കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഇവർ കുടുങ്ങിയ വിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാരും റവന്യൂ അധികൃതരും വെള്ളത്തിലൂടെ എത്തി ഇരുവരെയും പുറത്തെത്തിക്കുകയായിരുന്നു. അച്ചുതന്റെ സംരക്ഷണം പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തതോടെ അദ്ദേഹത്തെ അവിടേക്ക് മാറ്റി. ഭരതനെ ബന്ധുവീട്ടുകാരും ഏറ്റെടുത്തു.