കുണ്ടറ: കൊല്ലം തിരുമംഗലം ദേശീയപാതയിൽ കുണ്ടറയ്ക്കും എഴുകോണിനും ഇടയിലുള്ള നെടുമ്പായിക്കുളം കനത്ത മഴയിലും വെള്ളക്കെട്ടിലും കൊടിയ ദുരിതത്തിൽ. എല്ലാ മഴക്കാലത്തും പ്രദേശവാസികൾ അനുഭവിക്കുന്ന ക്ളേശങ്ങൾക്ക് ഇക്കുറിയും മാറ്റമൊന്നുമില്ല.
പഴയ ഇരുമ്പുപാലം ഉണ്ടായിരുന്നപ്പോഴുള്ള ഓട പുതിയ റെയിൽവേ ഓവർ ബ്രിഡ്ജിന്റെ നിർമ്മാണത്തോട് കൂടി അടച്ചിരുന്നു. എന്നാൽ പുതിയ ഓട നിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് വെള്ളക്കെട്ടിന് കാരണം. പഴയ പാലത്തിന് സമീപത്തായി ബന്ധിപ്പിച്ചിരുന്ന രണ്ട് കലുങ്കുകൾ ജംഗ്ഷന് മുകളിലും താഴെയുമായുണ്ട്. ഈ കലുങ്കുകൾ ഇപ്പോൾ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. പുതിയ ആർ.ഒ.ബിയുടെ നിർമ്മാണത്തോടനുബന്ധിച്ച് വെറും ഒന്നര അടി മാത്രം താഴ്ചയുള്ള ഒരു ഓട പാലത്തിന്റെ ചരിവിന് എതിർവശത്തായി നിർമ്മിച്ചിട്ടുണ്ട്. എന്നാൽ വെള്ളം ഒഴുകി നിൽക്കുന്ന ഭാഗത്ത് ഓടയോ മറ്റ് സംവിധാനങ്ങളോ ഇല്ല.
പുതിയ ആർ.ഒ.ബി നിർമ്മിച്ചപ്പോൾ സ്വകാര്യ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ പാലത്തിന്റെ ഉപറോഡുകളിൽ വളവുണ്ടാക്കി. ഇക്കാരണത്താൽ ഇവിടെ അപകടങ്ങൾ പതിവാണ്. ഇ.എസ്.ഐ ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ തിരിയുന്നത്. സമീപത്തായി സ്ഥിതിചെയ്യുന്ന സ്കൂളിലേക്കുള്ള വിദ്യാർത്ഥികൾ, കാഷ്യു ഫാക്ടറി തൊഴിലാളികൾ, കുണ്ടറ വഴി കൊല്ലം, കൊട്ടാരക്കര പുത്തൂർ മേഖലകളിലേക്ക് പോകുന്നവർ എന്നിവരും ആശ്രയിക്കുന്ന മേഖലയാണിത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളും കാൽനട, സൈക്കിൾ യാത്രികരും കടന്നുപോകുന്ന ജംഗ്ഷന്റെ ദുരവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാണ് നാടിന്റെ ആവശ്യം.