കുന്നത്തൂർ: പെരുമഴയിൽ ശൂരനാട് തെക്ക് പഞ്ചായത്തിലെ വല്യച്ചൻനട ഭാഗം വെള്ളത്തിനടിയിലായി.നിരവധി വീടുകളിൽ വെള്ളം കയറി. പതിനെട്ടോളം വീടുകൾ ഭാഗികമായി തകർന്നു. കൃഷിനാശവും വ്യാപകമാണ്. നെല്ല്,നേന്ത്രവാഴ,പച്ചക്കറികൾ ഉൾപ്പെടെയുള്ള കൃഷിയാണ് നശിച്ചത്. അപകട ഭീഷണിയുള്ളതിനാൽ പ്രദേശവാസികൾ ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്.എന്നാൽ ഇവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ അധികൃതർ നടപടിയെടുത്തിട്ടില്ല. വെള്ളത്തിനടിയിലായ ശൂരനാട് തെക്ക് 15-ാം വാർഡിൽ വല്യച്ചൻനട ഭാഗം കുന്നത്തൂർ താഹസീൽദാർ,വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അംഗം മായവേണുഗോപാൽ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.ശൂരനാട് വടക്ക് പാറക്കടവ്,പടിഞ്ഞാറ്റം മുറി ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി.മരങ്ങൾ ഒടിഞ്ഞു വീണ് അഞ്ചോളം വീടുകളുടെ മേൽക്കൂരകൾ ഭാഗികമായി തകർന്നു. പോരുവഴി പഞ്ചായത്തിലെ മലനട വെൺകുളം ഏലായും വെള്ളത്തിനടിയിലായി.വീടുകളിൽ വെള്ളം കയറുകയും പാതകൾ വെള്ളത്തിനടിയിലാകുകയും ചെയ്തിട്ടുണ്ട്.താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
മൈനാഗപ്പള്ളി മണ്ണൂർക്കാവ് 21-ാം വാർഡ് കളിലുവിള കോളനി ഭാഗത്ത് നിരവധി വീടുളിൽ വെള്ളം കയറി.പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനും കുന്നത്തൂർ താലൂക്ക് അധികാരികളുടെ ഇടപെടൽ വേണം .
വാർഡ് മെമ്പർ അജിശ്രീകുട്ടൻ
മഴ ശക്തമായി തുടർന്നാൽ ശൂരനാട് വടക്ക്,തെക്ക് പഞ്ചായത്തുകളിൽ ഇന്ന് മുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ നടപടിയെടുക്കും.
കുന്നത്തൂർ തഹസീൽദാർ