പരിശോധനയ്ക്കെത്തിയത് 373 വാഹനങ്ങൾ
കൊല്ലം: സ്കൂൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ കൊല്ലം താലൂക്ക് പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഇന്നലെ ശ്രാമം മൈതാനത്ത് കൊല്ലം ആർ.ടി.ഒ ജയേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു. 373 സ്‌കൂൾ വാഹനങ്ങളാണ് പരിശോധനയ്ക്കായി എത്തിയത്. 336 വാഹനങ്ങൾ പരിശോധനയിൽ വിജയിച്ചു. ഈ വാഹനങ്ങൾക്ക് ചെക്ഡ് സ്റ്റിക്കർ നൽകി.
പരിശോധനയിൽ പരാജയപ്പെട്ട 37 വാഹനങ്ങളുടെ തകരാറുകൾ പരിഹരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ പുനഃപരിശോധനയ്ക്ക് ഹാജരാക്കാനും മോട്ടോർവാഹന വകുപ്പ് അധികൃതർ നിർദ്ദേശം നൽകി. വാഹനത്തിന്റെ കാലപ്പഴക്കം, ബ്രേക്കിംഗ് സംവിധാനം, വൈപ്പറുകളുടെ പ്രവർത്തനം, ഇലക്ട്രിക്കൽ സംവിധാനം എന്നിവയാണ് പരിശോധിച്ചത്.
രക്ഷിതാക്കൾക്കും സ്‌കൂൾ അധികൃതർക്കും മോട്ടോർ വാഹനവകുപ്പിനും സ്‌കൂൾ ബസിന്റെ വേഗതയും ലൊക്കേഷനും അറിയാൻ സാധിക്കുന്ന വിദ്യാവാഹനിയിലേക്ക് വിവരങ്ങൾ എത്തിക്കുന്ന ട്രാക്കിംഗ് സംവിധാനം സുരക്ഷാമിത്ര സോഫ്ട്‌വെയറുമായി ബന്ധിപ്പിച്ച് സീൽചെയ്ത് നൽകി.
വിദ്യാവാഹനിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറുകൾ കൃത്യമാണെന്ന് പരിശോധിച്ച ശേഷമാണ് ട്രാക്കിംഗ് സംവിധാനം സീൽ ചെയ്തത്. സ്‌കൂൾ ബസുകൾക്കും ഡ്രൈവർമാർക്കുമുള്ള പൊതു നിർദേശങ്ങളും നൽകി.
പ്രധാന നിർദേശങ്ങൾ
സ്‌കൂൾ മേഖലയിൽ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്റർ,
മറ്റ് റോഡുകളിൽ 50 കിലോമീറ്റർ
സ്‌കൂൾ ഡ്രൈവർമാർക്ക് 10 വർഷത്തെ പ്രവർത്തി പരിചയം വേണം
ഡ്രൈവർമാർ തിരിച്ചറയൽ കാർഡ് ധരിക്കണം
മാതൃകാപരമായി വാഹനം ഓടിക്കണം
സ്പീഡ് ഗവർണറുകൾ ഘടിപ്പിക്കണം
സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച്
മാത്രം കുട്ടികളെ കയറ്റണം
വാതിലുകളുടെ എണ്ണത്തിന് ആനുപാതികമായി ആയമാർ വാഹനത്തിൽ വേണം
ഫസ്റ്റ് എയ്ഡ് കിറ്റുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
വാഹനത്തിൽ സ്‌കൂളിന്റെ പേര്, ഫോൺ നമ്പർ, എന്നിവ എഴുതണം.
പിൻവശം ചൈൽഡ്‌ലൈൻ, ആംബുലൻസ്, ഫയർഫോഴ്‌സ്,
മോട്ടോർവാഹനവകുപ്പ് എന്നിവരുടെ നമ്പരുകളും എഴുതണം