കൊല്ലം: മാദ്ധ്യമ സ്വാതന്ത്ര്യം വലിയ അപകടത്തിലേക്ക് പോവുകയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാദ്ധ്യമ സ്വാതന്ത്ര്യവും മാദ്ധ്യമ ധാർമ്മികതയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഒരിടത്തും പരിപാവനമായ മാദ്ധ്യമ സ്വാതന്ത്ര്യം ഇപ്പോൾ ഇല്ല. 159-ാമതാണ് ഇന്ത്യയുടെ സ്ഥാനം. എല്ലാം പെയ്ഡ് ന്യൂസായി മാറുകയാണ്. മാദ്ധ്യമങ്ങൾക്ക് ഇന്ന് ഇന്ത്യയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ല. കഴിഞ്ഞ എട്ടു വർഷത്തിൽ കേരളം ആഘോഷിച്ച വാർത്തകളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കണം. തെറ്റായ വാർത്തകളും വ്യാജ പ്രചാരണവും ജനം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് എൽ.ഡി.എഫ് രണ്ടാം തവണയും അധികാരത്തിൽ എത്തിയതെന്ന് മന്ത്രി പി.രാജീവ് കൂട്ടിച്ചേർത്തു.
സെമിനാറിൽ ജനറൽ സെക്രട്ടറി എസ്.ആർ.മോഹനചന്ദ്രൻ സ്വാഗതം പറഞ്ഞു. എം.നൗഷാദ് എം.എൽഎ മോഡറേറ്ററായി. മാദ്ധ്യമ പ്രവർത്തകരായ കെ.കെ.ഷാഹിന, ശ്രീജിത്ത് ദിവാകരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എ.ബിന്ദു, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എസ്.ദിലീപ് എന്നിവർ പങ്കെടുത്തു.