aa

കൊല്ലം: ഷെയർ ട്രേഡ് ചെയ്തുവന്നിരുന്ന കൊല്ലം സ്വദേശിയിൽ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികളെ ഒഡീഷയിൽ നിന്ന് പിടികൂടി. ആന്ധ്രാപ്രദേശ് സ്വദേശികളും ദമ്പതികളുമായ ലിസ എന്ന നാഗവെങ്കട സൊജന്യ കുറപതി (34), ഹാരി എന്ന ഹാരിഷ് കുറപതി (47) എന്നിവരാണ് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ നവംബർ 10ന് അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ഇൻവെസ്റ്റമെന്റ് കമ്പനിയുടെ പേരിൽ ഷെയർ ട്രേഡിംഗിനെ കുറിച്ചുള്ള ഓൺലൈൻ ക്ലാസിന്റെ ലിങ്ക് വാട്സ് ആപ്പ് വഴി കൊല്ലം തങ്കശേരി സ്വദേശിയായ പരാതിക്കാരന് ലഭിച്ചു. പിന്നീട് ഫോണിൽ വിളിച്ച് ഇൻസ്റ്റിറ്റ്യൂഷണൽ ഡീമാറ്റ് അക്കൗണ്ട് വഴി ബ്ലോക്ക് ട്രേഡിംഗ് ചെയ്താൽ അധിക ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.

ഇതിനായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് എന്ന പേരിൽ ഒരു വ്യാജ പോർട്ടലിന്റെ ലിങ്കും നൽകി. ഈ പോർട്ടലിൽ വ്യക്തിഗത വിവരങ്ങളും ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി വലിയ തുകയ്ക്ക് ബ്ലോക്ക് ട്രേഡ് ചെയ്യുന്നതിനായി ഇൻസ്റ്റിറ്റ്യൂഷണൽ അക്കൗണ്ട് ആരംഭിച്ചു.

ആദ്യത്തെ കുറച്ച് തവണകളിൽ ലാഭവിഹിതം കൃത്യമായി നൽകി വിശ്വാസം നേടിയെടുത്തു. തുടർന്ന് പരാതിക്കാരൻ പല ദിവസങ്ങളിലായി രണ്ട് കോടിയോളം വരുന്ന തുക തട്ടിപ്പുകാർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. പിന്നീട് പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരൻ സിറ്റി സൈബർ ക്രൈം പൊലീസിനെ സമീപിച്ചത്. സൈബർ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി ഒഡീഷയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ് (27), ഷാഹിൽ അഹമ്മദ് (26), ആദർശ് (21), മഖ്ബൂൽ മുർഷിദ് (26), അമൽ സത്യൻ (26) എന്നിവരേയും വയനാട് സ്വദേശികളായ അജ്നാസ് (24), ഷെർബിൻ (30), അമാൻ അസിഫ് (23) എന്നിവരെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഞ്ച് മാസത്തിനിടയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 17 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.