കരുനാഗപ്പള്ളി: തഴത്തോടുകളിലും കായലുകളിലും മഴ വെള്ളം കര കവിഞ്ഞ് ഒഴുകി. കരുനാഗപ്പള്ളിയുടെ താഴ്ന്ന ഭാഗങ്ങൾ പൂർണമായും വെള്ളക്കെട്ടായി മാറി. താഴ്ന്ന പ്രദേശങ്ങളിലുള്ള നൂറ് കണക്കിന് വീടുകളിൽ വെള്ളം കയറി. തഴത്തോടുകളുടെ ഇരുവശങ്ങളിലുമുള്ള വീടുകളിലാണ് വെള്ളം കയറിയത്. മഴ വെള്ളം പരന്ന് ഒഴുകുന്നതിനാൽ കരയേത് തോടേത് എന്നറിയാൻ കഴിയാത്ത സ്ഥിതിയാണ്. നമ്പരുവികാല ശ്രീനാരായണ ഗുരു മന്ദിരം ജംഗ്ഷൻ പൂർണമായും വെള്ളക്കെട്ടിലാണ്. ഉയർന്ന പ്രദേശങ്ങളിലുള്ള നിരവധി വീടുകളിൽ വെള്ളം കയറി. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജന്റെ വീടും പരിസരവും വെള്ളക്കെട്ടിലാണ്.
ഓട നികത്തി, വെള്ളമൊഴുക്ക് നിലച്ചു
ഗുരുമന്ദിരത്തിന് സമീപത്തു കൂടി വെള്ളം ഒഴുകി പോകാനുള്ള ഓടയുണ്ട്. മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തി ഓടയുടെ ഒരു ഭാഗം മണ്ണിട്ട് നികത്തിയിരുന്നു. ഇതാണ് വെള്ളമൊഴുക്ക് നിലയ്ക്കാനും വെള്ളക്കെട്ട് ഉണ്ടാകാനും കാരണം. എത്ര ശക്തമായ മഴ പെയ്താലും ഇവിടെ വെള്ളം കെട്ടി നിൽക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വ്യാപകമായ കൃഷി നാശം
കേശവപുരം കോളനിയിൽ നിന്ന് 50 ഓളം വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പിൽ പോകാതെ ബന്ധു വീടുകളിലേക്ക് മാറി. ഇവിടെ വർഷങ്ങളായി ഉണ്ടാകുന്ന വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ക്യാമ്പിൽ പോകാതിരുന്നത്. മഴ വെള്ളം രാതിയിൽ കര കവിഞ്ഞ് ഒഴുകിയതോടെ ക്ഷീര കർഷകർ പശു ഉൾപ്പെടെയുള്ള നാൽക്കാലികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. പലവീടുകളിലും ഉണ്ടായിരുന്ന കോഴിയും കോഴിക്കൂടുകളും ഒഴുകിപ്പോയി. വ്യാപകമായ കൃഷി നാശവും ഉണ്ടായി. റവന്യൂ ഉദ്യോഗസ്ഥരും തദ്ദശ സ്വയംഭരണ സ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും സംയുക്തമായി ഹിറ്റാച്ചി ഉപയോഗിച്ച് വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കി. മഴക്കൊപ്പം ശക്തമായി വീശിയ കാറ്റിൽ നിരവധി മരങ്ങൾ വീണു. ആലപ്പാട് പഞ്ചായത്തിൽ കടലാക്രമണം ഇന്നലെയും ശക്തമായിരുന്നു. കൂറ്റൻ തിരമാലകളാണ് കരയിലേക്ക് അടിച്ച് കയറുന്നത്.