കൊല്ലം: വിജയവും പരാജയവും ശാശ്വതമല്ലെന്ന് കൊല്ലം എ.സി.പി ആർ.എസ്.അനുരൂപ്. കേരളകൗമുദി സംഘടിപ്പിച്ച കൗമുദി എഡ്യുപ്ലസ് എഡ്യുക്കേഷൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാജയത്തിന്റെ കാരണം കണ്ടെത്തി സ്വയം പരിഹരിക്കണം.

ചെറുപ്പത്തിൽ ഒരുപാട് തവണ വീണശേഷമാണ് നടക്കാൻ പഠിക്കുന്നത്. ഓരോ വീഴ്ചയെയും ചവിട്ടുപടികളാക്കി മാറ്റാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് വിദ്യാർത്ഥികൾ. വിജയങ്ങൾ അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാൽ ആ വിജയത്തിൽ മതിമറക്കാതെ ലക്ഷ്യത്തിനായി നിരന്തരം പരിശ്രമിക്കണം.

വിദ്യാർത്ഥികൾക്ക് മുന്നിൽ ഇന്ന് അനന്ത സാദ്ധ്യതകളാണുള്ളത്. കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഉയരങ്ങൾ കീഴടക്കാനാണ് ശ്രമിക്കേണ്ടത്. എന്ത് പ്രശ്നമുണ്ടായാലും അടുപ്പമും വിശ്വാസവും ഉള്ളവരോട് പങ്കുവയ്ക്കാൻ ശ്രമിക്കണം. സമൂഹത്തോടുള്ള കടപ്പാട് കാത്തുസൂക്ഷിക്കാൻ തയ്യാറാകണം.

എത്ര ഉയരത്തിലെത്തിയാലും വന്ന വഴി മറക്കരുത്. ആഗ്രഹങ്ങൾ സാധിച്ചെടുക്കാനുള്ള മാദ്ധ്യമമായി മക്കളെ കാണാൻ ശ്രമിക്കാതെ അവരുടെ ആഗ്രഹങ്ങൾക്ക് കരുത്ത് പകർന്ന് ഒപ്പം നിൽക്കാനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അംഗീകാരം ഭാവിയിലേക്കുള്ള

പ്രചോദനം: എം.എസ്.സുഭാഷ്

ഓരോ അംഗീകാരവും മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമാകുമെന്ന് വടക്കേവിള എസ്.എൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ് പറഞ്ഞു. വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ ഒരു ലക്ഷ്യം മനസിൽ ഉറപ്പിച്ച് അതിനായി കഠിനമായി പരിശ്രമിക്കണമെന്നും സ്വാഗത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എസ്.എൻ പബ്ലിക് സ്കൂളും ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയും അക്കാഡമിക് രംഗത്ത് കൈവരിച്ച നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു.

വിശ്വമാനവികതയിലേക്കാണ് വിദ്യാഭ്യാസം

ഉയർത്തുന്നത്: ഡോ. സി.അനിത ശങ്കർ

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വിദ്യാഭ്യാസ കാലഘട്ടമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സി.അനിത ശങ്കർ പറഞ്ഞു. വിദ്യാർത്ഥിയായിരിക്കുമ്പോൾ നേടുന്ന അറിവുകളും അനുഭവങ്ങളും പ്രവർത്തനങ്ങളുമാണ് ഭാവിയിൽ കൃത്യമായ ദിശാബോധം നൽകുന്നത്. വിശ്വമാനവികതയിലേക്ക് വിദ്യാർത്ഥികളെ ഉയർത്തുന്ന കർമ്മപദ്ധതിയാണ് വിദ്യാഭ്യാസം. അറിവ് നേടുന്നതിനപ്പുറം നല്ല വ്യക്തികളാകാൻ ഓരോരുത്തരെയും വിദ്യാഭ്യാസം പ്രാപ്തരാക്കുന്നു. കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള ഏകമാർഗമെന്നും ഡോ. സി. അനിത ശങ്കർ കൂട്ടിച്ചേർത്തു.

വിദേശ ഉപരിപഠനത്തിന് പോകുന്നവരുടെ

എണ്ണം വർദ്ധിച്ചു: ടി.എസ്.സനൽ

ഇന്ത്യയിൽ നിന്ന് വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവെന്ന് കൊല്ലം ദി ഓക്സ്ഫോർഡ് സ്കൂൾ പ്രിൻസിപ്പൽ ടി.എസ്.സനൽ പറഞ്ഞു. നാടിന്റെ സമ്പത്ത് അവിടുത്തെ യുവത്വമാണ്. യുവതലമുറ വിദേശത്തേക്ക് കുടിയേറുന്നത് പരിശോധിക്കേണ്ടതാണ്. വിദ്യാഭ്യാസത്തോടൊപ്പം മികച്ച ജീവിതസൗകര്യങ്ങൾ കൂടി നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ പല വിദ്യാർത്ഥികളും രാജ്യം വിട്ട് പോകില്ലായിരുന്നു. സമൂഹത്തെ മാറ്റിയെടുക്കണമെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായവും മാറണം. ഒരു ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മാത്രമാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നങ്ങളെ ചർച്ച ചെയ്യുന്നത്. അതിൽ നിന്ന് പുറത്തുകടന്ന് മാറ്റങ്ങൾക്ക് വേണ്ടി സംസാരിക്കാത്തിടത്തോളം കാലം യുവതയെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.