തഴവ: ഓട നിർമ്മാണത്തിന് നടപടി ഇല്ലാതായതോടെ കുലശേഖരപുരം, കടത്തൂർ, കുറുങ്ങപ്പള്ളി വാർഡുകളിലെ നൂറോളം വീടുകളും നിരവധി റോഡുകളും വെള്ളക്കെട്ടിലായി. കുറുങ്ങപ്പള്ളി വാർഡിലെ പഴയ വാഴപ്പള്ളിവയൽ, മരങ്ങാട്ട് വയൽ, കറുകത്തറവയൽ ,കുറുങ്ങപ്പള്ളിവയൽ എന്നിവിടങ്ങളിലെയും പ്രദേശത്തെ വീട്ടുപുരയിടങ്ങൾ, കൃഷിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഭഗവതി ജംഗ്ഷനിൽ പി.ഡബ്ള്ു. ഡി നിർമ്മിച്ചിട്ടുള്ള ഓടയിലൂടെയാണ് മഴക്കാലത്ത് വെള്ളം കടത്തൂർ വഴി പാറ്റോലിത്തോട്ടിലേക്ക് ഒഴുകുന്നത്. എന്നാൽ ഭഗവതി ജംഗ്ഷനിൽ നിന്ന് തെക്കോട്ട് കടത്തൂരിൽ നീരൊഴുക്കിന് 25 മീറ്റർ നീളത്തിൽ മാത്രമാണ് ഓട നിലവിലുള്ളത്. ഇവിടെ നിന്നും തെക്കോട്ട് അര കിലോമീറ്റർ നീളത്തിൽ മങ്കുഴി ജംഗ്ഷൻ വരെ ഓട നിർമ്മിച്ചാൽ മാത്രമേ മഴക്കാലത്തുണ്ടാകുന്ന ഗുരുതരമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുവാൻ കഴിയുകയുള്ളു. ചെറുമണ്ണിൽ ,ചെറുമണ്ണിൽ വടക്കേത്തറ ,വേണോട്ട് തുടങ്ങി സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിലൂടെ താത്കാലികമായി അനുവദിച്ച സ്ഥലത്തു കൂടിയാണ് ഇപ്പോൾ നീരൊഴുക്ക് നടക്കുന്നത്. എന്നാൽ മഴുടെ ശക്തിയും ഒഴുക്ക് വെള്ളത്തിന്റെ അളവും ക്രമാതീതമായി വർദ്ധിച്ചതോടെ സ്വകാര്യ സ്ഥലങ്ങൾ ഉപയോഗിക്കുവാൻ കഴിയാത്ത സ്ഥിതിയായിരിക്കുകയാണ്. ഒരോ മഴക്കാലത്തും കുറുങ്ങപ്പള്ളി വാർഡിന്റെ പടിഞ്ഞാറൻ മേഖലകളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഉണ്ടാകുന്നത്. ഇവിടെ ഏക്കർ കണക്കിന് സ്ഥലങ്ങളാണ് ശരിയായ നീരൊഴുക്കില്ലാത്തത് കാരണം നിലവിൽ തരിശായി ഇട്ടിരിക്കുന്നത്. ഭഗവതി ജംഗ്ഷൻ, മണ്ണടിശ്ശേരി ജംഗ്ഷൻ ,റോഡിൽ മങ്കുഴി ജംഗ്ഷൻ വരെ ഓട നിർമ്മിക്കുവാൻ നിരവധി തവണ പല പദ്ധതികൾ വന്നെങ്കിലും നാളിതുവരെ യാഥാർത്ഥ്യമായില്ല.