എഴുകോൺ : പ്രവർത്തന മികവിനാൽ സാമൂഹ്യനീതി വകുപ്പിൽ കീർത്തിമുദ്ര പതിപ്പിച്ച സൂപ്രണ്ട് ബി. മോഹനൻ ഇന്ന് 32 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കും. അഗതി മന്ദിരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും സൗഹൃദാന്തരീക്ഷവും മാതൃകാപരമായി ഒരുക്കിയതിലൂടെയാണ് മോഹനൻ ശ്രദ്ധേയനായത്. അനാഥരായി അഗതി മന്ദിരങ്ങളിലെത്തിയവരുടെ അന്തസും ആത്മവിശ്വാസവും വർദ്ധിപ്പിച്ച ഇടപെടലുകൾ അംഗീകരിക്കപ്പെട്ടു. കോട്ടയം ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ടായിരിക്കെ 2018, 2019, 2020 വർഷങ്ങളിൽ മികവിനുള്ള സർക്കാർ പുരസ്കാരം മോഹനന് ലഭിച്ചിരുന്നു. കൊല്ലം ഗവ.വൃദ്ധ സദനത്തിന് 2022 ൽ വയോസേവന പുരസ്കാരം ലഭിക്കുന്നതും മോഹനനിലൂടെയാണ്. ബുദ്ധി പരിമിതിയുള്ള കുട്ടികളുടെ അഭയ കേന്ദ്രമായ മലപ്പുറം തവനൂർ പ്രതീക്ഷാഭവനിലെ പ്രവർത്തനങ്ങളും ശ്രദ്ധേയമായി. ഒന്നാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ തിരൂരിൽ നടത്തിയ സർക്കാർ മേളയിലെ ഹൈലൈറ്റ് പ്രതീക്ഷാഭവന്റെ എബിലിറ്റി ഷോപ്പായിരുന്നു. 2023 ലാണ് പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസറാകുന്നത്. ശബരിമല മണ്ഡലകാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി ഒറ്റപ്പെട്ടവരെയും ഭിക്ഷാടകരെയും തിരികെ നാടുകളിലേക്കയച്ച് പുനരധിവസിപ്പിച്ചു.
എഴുകോൺ ചട്ടേൽ വീട്ടിൽ താമസിക്കുന്ന മോഹനൻ 1992 ൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായാണ് സേവനം തുടങ്ങിയത്. 1994 ൽ സാമൂഹ്യനീതി വകുപ്പിലെത്തി. 2012 ൽ കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട ലെയ്സൺ ഓഫീസറായ മോഹനൻ പിന്നീടുള്ള പത്ത് വർഷക്കാലം വിവിധ സാമൂഹ്യനീതി സംരക്ഷണ കേന്ദ്രങ്ങളുടെ ചുമതലക്കാരനായിരുന്നു.
ഭാര്യ: രാജേശ്വരി
മക്കൾ : അനന്ദു മോഹൻ,ആവണി മരുമക്കൾ : അനുഷ, നിതിൻരാജ്