കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയെന്നും അതിൽ ഒരു കുട്ടി മരിച്ചെന്നുമുള്ള പരാതിയിൽ കിഴക്കേക്കല്ലട പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതി കിഴക്കേക്കല്ലട തെക്കേമുറി അമൽഭവനിൽ അഖിൽ പ്രസാദിനെ കൊല്ലം ഫസ്‌റ്റ് അഡീഷണൽ ജില്ലാ ജഡ്‌ജി പി.എൻ. വിനോദ് വെറുതേവിട്ടു. 2021 ഡിസംബർ 24 നായിരുന്നു കേസിനാസ്‌പദമായ സംഭവം. അമിതമായി മദ്യം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികളിൽ ഒരാൾ ചികിത്സയ്ക്കിടെ മരണമടഞ്ഞിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെ വിട്ടത്. അഭിഭാഷകരായ ബി. അനൂപ് കുമ്പക്കാടൻ, എസ്. ശാന്തി, ജോജോ ജെ.കെന്നഡി എന്നിവർ പ്രതിക്കുവേണ്ടി ഹാജരായി.