കൊല്ലം: കല്ലടയാറിന്റെ ശാഖയായ പുത്തനാറിലെ ശക്തമായ കുത്തൊഴുക്കിൽ മൺറോത്തുരുത്തിലേക്ക് വാഹന ഗതാഗതത്തിനുള്ള ഏക മാർഗമായ ഇടിയക്കടവ് പാലത്തിന്റെ പാർശ്വഭിത്തി ആറ് മീറ്ററോളം നീളത്തിൽ ഇടിഞ്ഞ് ഒലിച്ചുപോയി.
ശക്തമായ മഴയിൽ കൂടുതൽ ഇടിഞ്ഞാൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ച് മൺറോത്തുരുത്ത് ഒറ്റപ്പെടും. കരയിടിഞ്ഞതോടെ ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങൾ പാലം വഴി കടന്നുപോകുന്നത് നിരോധിച്ചു. കാറും ബൈക്കുകളും ഓട്ടോറിക്ഷകളും മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്. കുണ്ടറ, ചിറ്റുമല ഭാഗങ്ങളിൽ നിന്ന് 14 ഓളം ബസ് സർവീസുകൾ ഇടിയക്കടവ് പാലം വഴി മൺറോത്തുരുത്തിലേക്ക് ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ എട്ടോടെയാണ് ഇടിയക്കടവ് പാലത്തിന്റെ കിഴക്കേകല്ലട ഭാഗത്തുള്ള കരയിടിഞ്ഞത്. ശാസ്താംകോട്ട, കുണ്ടറ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ കിഴക്കേകല്ലടയിലെത്തി ഇടിയക്കടവ് പാലം വഴിയാണ് മൺറോത്തുരുത്തിലേക്ക് പ്രവേശിച്ചിരുന്നത്. 1974ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ പാലത്തിന്റെ കിഴക്കേക്കല്ലട ഭാഗത്തെ കര അഞ്ച് വർഷം മുമ്പ് ശക്തമായ മഴയിൽ ഇടിഞ്ഞിരുന്നു. ഈ ഭാഗത്ത് വീണ്ടും വെള്ളം ശക്തമായി ഇരച്ചെത്തി അപ്രോച്ച് റോഡിന്റെ സംരക്ഷണത്തിനായി പാലത്തിന്റെ കരയിൽ പാറ കൊണ്ട് നിർമ്മിച്ചിരുന്ന പാർശ്വഭിത്തിയുടെ ആറ് മീറ്ററോളം ഭാഗം ഒലിച്ചുപോവുകയായിരുന്നു.
മൺചാക്കടുക്കി പരിഹാരം
കര കൂടുതൽ ഇടിഞ്ഞ് പാലം അപകടത്തിലാകാതിരിക്കാൻ ഇന്നലെ വൈകിട്ട് ചാക്കുകളിൽ മണ്ണ് നിറച്ച് താത്കാലിക പാർശ്വഭിത്തി നിർമ്മിച്ചു
പാർശ്വഭിത്തി ബലപ്പെടുത്താനും പാലത്തിന്റെ അറ്റകുറ്റപ്പണിക്കും 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ചിട്ടുണ്ട്
കാലവർഷം മാറിയാലുടൻ ഇതിന്റെ നിർമ്മാണം ആരംഭിക്കും
ജങ്കാർ അനുമതി വൈകുന്നു
പെരുമൺ- പേഴുംതുരുത്ത് ജങ്കാർ മുടങ്ങിയതോടെ കൊല്ലം ഭാഗത്തേക്ക് പോകേണ്ടവരും കൊല്ലത്ത് നിന്ന് മടങ്ങിവരുന്നവരും കുണ്ടറ വഴി ഇടിയക്കടവ് പാലത്തിലൂടെയാണ് സഞ്ചരിച്ചിരുന്നത്. ഈ പാലവും അപകടഭീഷണിയിലായ സാഹചര്യത്തിൽ ജങ്കാർ സർവീസ് പുനരാരംഭിക്കാനുള്ള പനയം പഞ്ചായത്തിന്റെ അപേക്ഷയ്ക്ക് അനുമതി നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നിലവിലെ അവസ്ഥ മനസിലാക്കാനാകും. എന്നാലും പെരുമാറ്റച്ചട്ടം മാറിയാലേ ജങ്കാറിന് അനുമതി നൽകാൻ കഴിയൂ.
ജില്ലാ ഭരണകൂടം