
ഓയൂർ : മുളയറച്ചാലിൽ റെൻഡറിംഗ് പ്ലാന്റ് പ്രവർത്തനത്തിന് അനുമതി നൽകിയ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അനിൽകുമാറിന്റെ നടപടി പക്ഷപാതപരമാണെന്നും പ്ലാന്റിന് നൽകിയ അനുമതി റദ്ദ് ചെയ്യണമെന്നും വെളിനല്ലൂർ ഗ്രാമപഞ്ചായത്തും മുളയറച്ചാൽനിവാസികളും ആവശ്യപ്പെട്ടു. ശുചിത്വ മിഷൻ പരിപാടിയുമായി വെളിനല്ലൂരിലെത്തിയ മിഷൻ ടീമിന് മുന്നിലാണ് നാട്ടുകാർ പ്രതിഷേധം അറിയിച്ചത്. ഹൈക്കോടതി വിധി പ്രകാരം നേടിയെടുത്ത ലൈസൻസുമായി പ്രവർത്തിച്ചു വരുന്ന പ്ലാന്റിൽ നിന്ന് അസഹ്യമായ ഗന്ധവും മറ്റും അനുഭവപെട്ടതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിക്കുകയും പൊലീസ് ലാത്തിച്ചാർജ്ജിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ജില്ലാ കളക്ടർ അദ്ധ്യക്ഷനായ യോഗം ചേർന്ന് പാന്റിന്റെ പ്രവർത്തനം നിറുത്തി വെക്കാൻ ആവശ്യപ്പെട്ടിരുന്നു. വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ചേർന്ന് ലൈസൻസ് റദ്ദാക്കുകയും ചെയ്തു. എന്നാൽ പ്ലാന്റ് നടത്തിപ്പിന് വെള്ളം പോലും ഇല്ലാത്തിടത് വീണ്ടും പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കുന്നതിന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നൽകിയ അനുമതിയാണ് പ്രതിഷേധത്തിനിടയാക്കിയത്. തുടർന്ന് ജനപ്രതിനിധികൾ, നാട്ടുകാർക്ക് എന്നിവർക്ക് പരാതി ഉണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശുചീത്വ മിഷൻ കോർഡിനേറ്റർ ഉറപ്പ് നൽകി.