കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് കൂടുതൽ മുന്നേറുന്നതിനുള്ള വിജയ വഴികളുടെ വാതായനങ്ങൾ തുറന്നുനൽകി കേരളകൗമുദി എഡ്യുപ്ലസ് എഡ്യുക്കേഷൻ കോൺക്ലേവ്.
മികച്ച കരിയറും ജീവിത വിജയവും ഉറപ്പാക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളിലെയും കോളേജുകളിലെയും മികച്ച കോഴ്സുകളും അതുവഴി ലഭിക്കുന്ന വമ്പൻ തൊഴിലവസരങ്ങളും കോൺക്ലേവിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നുവയ്ക്കപ്പെട്ടു.
വടക്കേവിള എസ്.എൻ പബ്ലിക് സകൂൾ ഓഡിറ്റോറിയത്തിൽ നടന്ന കോൺക്ലേവ് കൊല്ലം എ.സി.പി ആർ.എസ്. അനുരൂപ് ഉദ്ഘാടനം ചെയ്തു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. അനിത ശങ്കർ, കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ അസി. പ്രൊഫസർ പി.ഷജിൻ എന്നിവർ ആശംസ നേർന്നു.
ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ 90 ശതമാനത്തിന് മുകളിൽ മാർക്കും നേടിയ വിദ്യാർത്ഥികൾക്ക് കേരളകൗമുദിയുടെ മെരിറ്റ് സർട്ടിഫിക്കറ്റും മെഡലും വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.
പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ റിറ്റ്സ് ഡയറക്ടർ റമീഫ്, അമൃത വിശ്വവിദ്യാപീഠം കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഡോ. സീന.എസ് പിള്ള, കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ അസി. പ്രൊഫസർമാരായ ആർ. അനിൽകുമാർ, പി.ഷജിൻ, കൊല്ലം ദി ഓക്സ്ഫോർഡ് സ്കൂൾ പ്രിൻസിപ്പൽ ടി.എസ്.സനൽ എന്നിവർ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും മറുപടി നൽകി.
വടക്കേവിള എസ്.എൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ് സ്വാഗതവും കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് പുറമേ നിരവധി രക്ഷിതാക്കളും കോൺക്ലേവിൽ പങ്കെടുത്തു.