കൊല്ലം: വിദേശ മദ്യലോബികളോടും ബാർ മുതലാളിമാരോടും സർക്കാർ കാണി
ക്കുന്ന പ്രീണന നയത്തിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്ന് കേരള ടോഡി ആൻഡ് അബ്കാരി വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൻ.അഴകേശൻ ആരോപിച്ചു. ഡ്രൈഡേ ഒഴിവാക്കാനും ബാറുകൾക്ക് കള്ള് വില്പന നടത്താൻ അനുവാദം നൽകാനുമുള്ള നീക്കം ഇതിന്റെ ഭാഗമാണ്. യൂണിയൻ സർക്കാരിന് നൽകിയ ഡിമാൻഡ് ചർച്ച ചെയ്യാതെയാണ് രഹസ്യ നീക്കമെന്നും അഴകേശൻ ആരോപിച്ചു. ഇതിനെതിരെ ജൂൺ 19ന് രാവിലെ 10ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു.
ഡി.സി.സി ഓഫീസിൽ ചേർന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡന്റ് ഡോ. വി.എസ്.അജിത്കുമാർ അദ്ധ്യക്ഷനായി. ജന.സെക്രട്ടറി കെ.കെ.പ്രകാശൻ (തൃശൂർ), കുരീപ്പുഴ വിജയൻ (കൊല്ലം), കെ.കെ.അരവിന്ദാക്ഷൻ (ആലപ്പുഴ), ശിവൻ (പാലക്കാട്), അങ്കമാലി രവി (എറണാകുളം), കുന്നത്തൂർ പ്രസാദ് (കൊല്ലം), ജയപ്രസാദ് (തൊടുപുഴ), ശാസ്‌തവട്ടം രാജേന്ദ്രൻ (തിരുവനന്തപുരം), പി.വി.രാമദാസ് (തൃശൂർ) എന്നിവർ സംസാരിച്ചു. എം.ബാബു നന്ദി പറഞ്ഞു.