k
മീനമ്പലം തെറ്റിക്കുളത്ത് വീടുകളിൽ വെള്ളം കയറിയ നിലയിൽ.

ചാത്തന്നൂർ: മഴക്കെടുതിയിൽ വലയുകയാണ് ചിറക്കര, കല്ലുവാതുക്കൽ, ചാത്തന്നൂർ പഞ്ചായത്തുകളിലുള്ളവർ. ചിറക്കര ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി വീടുകൾ തകർന്നുവീണു. 4 കുടുംബങ്ങളിലെ 11 പേരെ എല്ലാം സൗകര്യങ്ങളും ഒരുക്കി ചിറക്കര പഞ്ചായത്തിലെ പകൽ വീട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.കൂടുതൽ പേരെ പുനരധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ, എല്ലാ മുൻകരുതലുകളും നടത്തിയിട്ടുണ്ടെന്ന് ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. സജില, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് ഹരിദാസൻ എന്നിവർ അറിയിച്ചു.

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ കടമ്പാട്ടുകോണത്തും മീനമ്പലം തെറ്റിക്കുളത്തും വീടുകളിൽ വെള്ളം കയറി,. തെറ്റിക്കുളത്ത് പരവൂർ പാരിപ്പള്ളി റോഡിൽ ഓടയുടെ നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ റോഡിൽ കൂടി ഒഴുകി വന്ന വെള്ളം 30 ഓളം വീടുകളിൽ ദുരിതമുണ്ടാക്കി. ശക്തമായ മഴ തുടർന്നാൽ പ്രേദേശം പൂർണ്ണമായും വെള്ളത്തിലാകും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓടയുടെ നിർമ്മാണം ആരംഭിച്ചു. പാരിപ്പള്ളി സഫ ഹോസ്പിറ്റൽ, അങ്കണവാടികൾ എന്നിവിടങ്ങളിൽ ക്യാമ്പ് തുടങ്ങാനു എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ചാത്തന്നൂർ പഞ്ചായത്തിൽ മഴക്കെടുതി കണക്കിലെടുത്തു ക്യാമ്പ് തുടങ്ങാൻ ചാത്തന്നൂർ സെന്റ് ജോർജ് യു.പി സ്കൂൾ ഏറ്റെടുത്തതായി പ്രസിഡന്റ്‌ ചന്ദ്രകുമാർ അറിയിച്ചു.