citu-

കൊല്ലം: സി.ഐ.ടി.യു രൂപീകരണ ദിനം ജില്ലയിൽ സമുചിതമായി ആചരിക്കുന്നതിന് തുടക്കം കുറിച്ചു. സ്ഥാപക ദിനചാരണത്തിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികൾ, തൊഴിൽ മേഖലയിൽ പഠനയാത്ര, ഒരുലക്ഷം തണൽ വൃക്ഷങ്ങൾ നട്ടുവളർത്തൽ, കുട്ടികൾക്ക് നോട്ട് ബുക്ക്‌ വിതരണം തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും.

ജില്ലയിലെ 150 ഓളം സ്കൂളുകൾ ശുചീകരിച്ചും മലയോര മേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ മനസിലാക്കാൻ പഠന യാത്ര, ആദിവാസി മേഖലയിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം എന്നിവയ്ക്കും തുടക്കം കുറിച്ചു. കുളത്തൂപ്പുഴ 50 ഏക്കറിലെ ആദിവാസി കുട്ടികൾക്ക് മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ പുസ്തകങ്ങൾ വിതരണം ചെയ്തു.

സി.ഐ.ടി.യു ഭവനിൽ മുതിർന്ന സി.ഐ.ടി.യു നേതാവ് എൻ.പത്മലോചനൻ പതാക ഉയർത്തി. പൊതുസമ്മേളനം ജെ.മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. മുതിർന്ന സി.ഐ.ടി.യു നേതാവ് എൻ.പത്മലോചനനെ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ആദരിച്ചു. ബി.തുളസീധര കുറുപ്പ്, എ.എം.ഇക്ബാൽ, ജി.ആനന്ദൻ എന്നിവർ സംസാരിച്ചു. ഒരുലക്ഷം വൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ ജൂൺ 10 വരെ തുടരുമെന്നും മഴയുടെ നില കൂടുതൽ കനക്കുന്ന ഘട്ടത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും ജില്ലാ പ്രസിഡന്റ്‌ ബി.തുളസീധര കുറിപ്പും ജില്ലാ സെക്രട്ടറി എസ്.ജയമോഹനും അറിയിച്ചു.