കൂടുതൽ ക്യാമ്പുകൾ തുറന്നു
കൊല്ലം: മഴ അല്പം ശമിച്ചെങ്കിലും മഴക്കെടുതിയിൽ വലഞ്ഞ് ജനം. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഒൻപത് വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. പുനലൂർ, കൊല്ലം താലൂക്കുകളിലാണ് വീടുകൾ പൂർണമായും തകർന്നത്.
പത്തനാപുരം, കുന്നത്തൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലായി ഓരോ വീടും കൊല്ലത്ത് നാല് വീടുകളും ഭാഗികമായി തകർന്നു. ആകെ 5,40,000 രൂപയുടെ നഷ്ടം കണക്കാക്കി. മരുത്തടി, ഇരവിപുരം, ചാത്തിനാംകുളം, മങ്ങാട്, കാവനാട്, കാവൽജംഗ്ഷൻ, വടക്കേവിള, കൊറ്റങ്കര, തഴവ, ക്ലാപ്പന, കുലശേഖരപുരം എന്നിവിടങ്ങളിൽ ഇനിയും വെള്ളക്കെട്ട് മാറിയിട്ടില്ല. തീരപ്രദേശങ്ങളിൽ കടലേറ്റവും രൂക്ഷമാണ്. ഇതോടെ ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു.
കിഴക്കൻ മേഖലയിലടക്കം കഴിഞ്ഞ 24 മണിക്കൂറിൽ 3.34 ഹെക്ടർ കൃഷിനാശത്തിലൂടെ 8.39 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 72 കർഷകർക്കാണ് നഷ്ടം നേരിട്ടത്.
ഇന്നലെ ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചു. ഇടയ്ക്ക് വെയിലും അനുഭവപ്പെട്ടു. കൊല്ലം നഗരത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 16 മില്ലി മീറ്റർ. ആര്യങ്കാവ് 0.2 മില്ലി മീറ്ററും പുനലൂർ 12 മില്ലി മീറ്ററും മഴ ലഭിച്ചു.
20 ക്യാമ്പുകളിൽ 1970 പേർ
ജില്ലയിൽ നിലവിലുണ്ടായിരുന്ന 13 ക്യാമ്പുകൾക്ക് പുറമെ ഇന്നലെ ഏഴ് ക്യാമ്പുകൾ കൂടി ആരംഭിച്ചു. കൊല്ലം താലൂക്കിൽ 9 ഉം കരുനാഗപ്പള്ളി താലൂക്കിൽ 8 ഉം കുന്നത്തൂർ താലൂക്കിൽ 3 ഉം ക്യാമ്പുകൾ വീതമാണ് പ്രവർത്തിക്കുന്നത്. ഇരുപത് ക്യാമ്പുകളിലായി 685 കുടുംബങ്ങളിൽ നിന്ന് ആകെ 1970 പേരാണ് കഴിയുന്നത്. ഇതിൽ 698 പേർ പുരുഷന്മാരും 884 പേർ സ്ത്രീകളും 388 പേർ കുട്ടികളുമാണ്.
സഹായത്തിന് വിളിക്കാം
വൈദ്യുതി ലൈൻ അപകടം: 1056
ദുരന്ത നിവാരണ അതോറിട്ടി: 1077
കെ.എസ്.ഇ.ബി കൺട്രോൾ റൂം: 1912
സംസ്ഥാന കൺട്രോൾ റൂം: 1070