കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ ആഫ്രിക്കൻ ഡേ ആഘോഷിച്ചു. കെനിയ ഡെപ്യൂട്ടി ഹൈ കമ്മിഷണർ മേരി മ്യൂനി മുറ്റുകു, എജുക്കേഷൻ അറ്റാഷെ എസ്ത്തർ കരിമ മുതുഅ എന്നിവർ മുഖ്യാതിഥികളായി. അമൃത സ്‌കൂൾ ഫോർ സസ്‌ടൈനബിൾ ഫ്യൂച്ചേഴ്‌സ്, അമൃത സെന്റർ ഫോർ ഇന്റർനാഷണൽ പ്രോഗ്രാം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദിനാഘോഷം സംഘടിപ്പിച്ചത്.
വിശിഷ്ടാതിഥികൾക്ക് ആവേശകരമായ സ്വീകരണമാണ് വിദ്യാർത്ഥികളും അധ്യാപകരും നൽകിയത്. ബുധനാഴ്ച കൊച്ചിയിലെത്തിയ ഇരുവരും കൊച്ചി അമൃത ആശുപത്രി സന്ദർശിച്ച ശേഷമാണ് അമൃതപുരിയിലെത്തിയത്. തുടർന്ന് ക്യാമ്പസിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളും ഹോസ്റ്റലുകളും റിസർച്ച് ലാബുകളും സംഘം സന്ദർശിച്ചു. അമൃത സർവകലാശാലയിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ കീഴിൽ നടത്തിവരുന്ന ഗവേഷണങ്ങളെപ്പറ്റിയും സംഘം അന്വേഷിച്ചറിഞ്ഞു.
വിവിധ ഡിപ്പാർട്ട്‌മെന്റുകളും പ്രോജക്ട് ഓഫീസുകളും സന്ദർശിച്ച ശേഷം അമൃതേശ്വരി ഹാളിൽ സംഘടിപ്പിച്ച ആഫ്രിക്കൻ ദിനാഘോഷത്തിൽ മേരി മ്യൂനി മുറ്റുകു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. പഠന, ഗവേഷണ രംഗങ്ങൾക്ക് അമൃത സർവകലാശാല വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്നും ഇവിടുത്തെ ഗവേഷണ പദ്ധതികളിലെല്ലാം ഗ്രാമീണരോടുള്ള കരുതലും സ്‌നേഹവും പ്രതിഫലിക്കുന്നുണ്ടെന്നും ചടങ്ങിൽ സംസാരിച്ച അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ് പറഞ്ഞു. സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസ് ഡീൻ ഡോ.ഭവാനി റാവു, സ്‌കൂൾ ഒഫ് സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്‌സ് പ്രിൻസിപ്പൽ ഡോ. എം.രവിശങ്കർ എന്നിവരും സംസാരിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളുടെ സാമൂഹ്യ - സാംസ്‌കാരിക - കലാ പൈതൃകത്തെ വിവരിച്ചുള്ള ലഘു പ്രഭാഷണങ്ങളും നടന്നു. ഇതിനുശേഷം അരങ്ങേറിയ ആഫ്രിക്കൻ സംഗീതവും നൃത്തവും സദസിന് കൗതുകമായി. തുടർന്ന് ഡോ.മനീഷ വി. രമേഷിന്റെ നേതൃത്വത്തിൽ കൈകൊട്ടിക്കളിയും അരങ്ങിലെത്തി.