ഓയൂർ : ബൈക്കും ഒട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വെളിയം ശാന്തി മന്ദിരത്തിൽ ഗോപാലകൃഷ്ണന്റെ മകൻ ശ്രീഹരിയ്ക്കാണ് സാരമായി പരിക്കേറ്റത്. കൊട്ടിയം എസ്.എൻ.ഐ.ടി. ഐ വിദ്യാർത്ഥിയായ ശ്രീഹരി കഴിഞ്ഞ ദിവസം രാവിലെ 9.30ഓടെ ബൈക്കിൽ ഐ.ടി.ഐയിലേക്ക് പോകുന്ന വഴി പൂയപ്പള്ളി - കണ്ണനല്ലൂർ - കൊല്ലം റോഡിൽ പൂയപ്പള്ളി ജംഗ്ഷന് പടിഞ്ഞാറായിട്ടാണ് അപകടം സംഭവിച്ചത്. ശ്രീഹരിയുടെ ബൈക്കും എതിർദിശയിൽ വന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ശ്രീഹരിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഓട്ടോറിക്ഷാ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.